കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനു മാതൃകയാണെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും വിദ്യാകിരണം പദ്ധതിയിലൂടെയും സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയെ മികവിന്റെ ഉയരങ്ങളിലെത്തിച്ചതായും പൊതുവിദ്യാഭ്യാസ, മന്ത്രി വി. ശിവൻകുട്ടി. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കുള്ള സൗജന്യ പഠന കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ സമാനതകളില്ലാത്ത മാറ്റം കൊണ്ടുവരാൻ കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. 3800 കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി മാറ്റിവച്ചത്. ഇത്രയും വലിയ തുക സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ മാറ്റിവയ്ക്കുന്നത് ആദ്യമായാണെന്നും പൊതുവിദ്യാലയങ്ങൾ മികവിന്റെ പാതയിലായതോടെ 10.5 ലക്ഷം വിദ്യാർഥികൾ പുതുതായി ഇവിടേയ്ക്ക് എത്തിയതായും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ ബോർഡ് ചെയർമാൻ കെ.കെ. ദിവാകരൻ അധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ പി.ആർ. സുരേഷ്കുമാർ, കെ.സി. ജയപാലൻ, ശിവജി സുദർശൻ, ലോറൻസ് ബാബു, എസ്. സാബു, ടി. ഗോപിനാഥൻ, ഡി. സന്തോഷ് കുമാർ, കെ.ജെ. സ്റ്റാലിൻ, ബോർഡ് സി.ഇ.ഒ. രഞ്ജിത് മനോഹർ, ജില്ലാ എക്സിക്യൂട്ടിവ് ഓഫിസർ വി. സജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.