പ്രളയദുരന്തത്തിൽ അകപ്പെട്ടവർക്കുള്ള ആർ.കെ.എൽ.എസ് പ്രകാരം ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമായ കുടുംബശ്രീ അംഗങ്ങൾക്ക് പ്രളയത്തിൽ നഷ്ടപ്പെട്ട ഗൃഹോപകരണങ്ങൾ, മറ്റു അനുബന്ധ വസ്തുക്കൾ എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കുന്നതിനായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയിൽ കമ്പനി മേധാവികളുടെ യോഗം സംഘടിപ്പിച്ചു.
വേൾപൂൾ, സോണി, സാംസങ്, പാനസോണിക്, എൽ.ജി, അമ്മിണി സോളാർ, ഗോദ്‌റെജ്, ഹൈക്കൺ, വി ഗാർഡ്, വള്ളിമണി ഇൻഡസ്ട്രീസ്, ഈസ്റ്റേൺ മാട്രസ് എന്നീ 11 കമ്പനികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. 50 ശതമാനം എങ്കിലും വിലക്കിഴിവിൽ ഉത്പന്നങ്ങൾ ആർ.കെ.എൽ.എസ് വായ്പ പ്രകാരം കുടുംബശ്രീ അംഗങ്ങൾക്ക് ലഭ്യമാക്കണമെന്ന് മന്ത്രി കമ്പനികളോട് ആവശ്യപ്പെട്ടു. കമ്പനികളുടെ ഉന്നതതലയോഗത്തിൽ അവതരിപ്പിച്ചശേഷം വിലക്കിഴിവ് സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമാക്കാമെന്ന് മേധാവികൾ ഉറപ്പു നൽകി.
കുടുംബശ്രീ അയൽക്കൂട്ടങ്ങൾവഴി ബാങ്കിൽ നിന്നും വായ്പ എടുത്ത അംഗങ്ങൾക്കാണ് കിഴിവിൽ ഉപകരണങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്. ഇന്നുവരെ 1,24,000 ആളുകൾ വായ്പയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. ഇവർക്ക് വായ്പ ലഭ്യമാകുന്ന മുറയ്ക്ക് അയൽക്കൂട്ടം വഴി പണം ലഭിക്കും. തുടർന്ന് കമ്പനികളുടെ ഉത്പന്നങ്ങളുടെ വിവരങ്ങളും, ഡിസ്‌കൗണ്ടും, എവിടെ നിന്ന് ലഭ്യമാകും എന്ന വിവരങ്ങളുമടങ്ങിയ ബ്രൗഷർ ഓരോ അയൽക്കൂട്ടത്തിലുമുള്ള വായ്പ എടുത്ത അംഗത്തിന് നൽകും. ശേഷം ഹോളോഗ്രാം പതിച്ച് മറ്റുള്ളവർക്ക് കൈമാറാൻ സാധിക്കാത്ത ഒരു കാർഡ് ഓരോ ആളുകൾക്കും നൽകും. ഈ കാർഡും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമായി പോകുന്ന അംഗത്തിനായിരിക്കും കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭിക്കുക. വിവിധ കമ്പനികളുടെ ഏതൊക്കെ ഉൽപ്പന്നങ്ങൾക്ക് എത്ര വിലക്കിഴിവ് ലഭിക്കുമെന്നും അത് ഏതൊക്കെ സ്ഥലങ്ങളിലുള്ള ഏതൊക്കെ സ്റ്റോക്കിസ്റ്റുകളുടെ/ഡീലർമാരുടെ അടുത്ത് ലഭിക്കുമെന്നുള്ള വിവരങ്ങൾ വായ്പ എടുത്ത ആളുകളെ കുടുംബശ്രീ അറിയിക്കും. ഒക്ടോബർ ആദ്യ ആഴ്ച മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ ആളുകൾക്ക് പോയി സാധനം കുറഞ്ഞവിലയ്ക്ക് വാങ്ങാവുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
യോഗത്തിൽ മന്ത്രി ഇ.പി ജയരാജൻ, പ്രൈവറ്റ് സെക്രട്ടറി പ്രകാശൻ മാസ്റ്റർ, വ്യവസായ സെക്രട്ടറി സഞ്ജയ് എം കൗൾ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹരികിഷോർ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി പ്രതിനിധികൾ, കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.