ആലപ്പുഴ: കർഷകരിലൂടെ പ്രളയം തകർത്തതെല്ലാം തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്. പ്രളയത്തിൽ പശുക്കളെ നഷ്ടപ്പെട്ട കർഷകർക്ക് അത് തിരികെ നൽകാനുള്ള പദ്ധതിയാണ് ഇതിനായി ബ്ലോക്ക് ആവിഷ്‌കരിക്കുന്നത്. ബ്ലോക്ക്പഞ്ചായത്ത് പരിധിയിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അടിത്തറയായിരുന്നു് ക്ഷീര കർഷക മേഖല. രണ്ടു ഘട്ടങ്ങളിലായി ഉണ്ടായ വെള്ളപൊക്കം പ്രദേശത്തെ ക്ഷീര കർഷകരെയാണ് ഏറ്റവുമധികം ബാധിച്ചിരുന്നത്. കറവ പശുക്കൾ വെള്ളപ്പാച്ചിലിൽ ഒഴുകി പോയതോടെ പലരുടേയും ജീവിത മാർഗം നിലച്ചു. രണ്ടാം ഘട്ടത്തിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് കൂടുതൽ ക്ഷീര കർഷകർക്ക് അവരുടെ പശുക്കളേയും കിടാവുകളേയും നഷ്ടപെട്ടത്.
.സംസ്ഥാന മൃഗസംരക്ഷണ വകുപ്പും, ക്ഷീരവകുപ്പും ക്ഷീരകർഷകരെ സംരക്ഷിക്കാൻ വിവിധ പദ്ധതികളുമായി രംഗത്തു വന്ന സാഹചര്യത്തിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തും ഇതിന് മുൻകൈയെടുക്കുകയായിരുന്നുവെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘു പ്രസാദ് പറഞ്ഞു. ഒഴുകിപ്പോയതും വെള്ളപ്പൊക്കത്തിൽ ചത്തുപോയ പശുക്കൾക്കും പകരം ക്ഷീരകർഷകർക്ക് പുതിയ പശുക്കളെ നൽകുന്ന പദ്ധതിയാണ് ഇതിനായി നടപ്പിലാക്കുന്നത്.
യഥാർഥ ഉപഭോക്താക്കളെ കണ്ടെത്താനും പഞ്ചായത്ത് പുതിയ മാർഗം അവലംബിച്ചിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ക്ഷീരസംഘങ്ങൾ, മൃഗാശുപത്രികൾ എന്നിവിടങ്ങളിൽ പശുക്കളെ നഷ്ടപെട്ട കർഷകർ രജിസ്റ്റർ ചെയ്യാനാണ് പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നത്.ഇത് മാനദണ്ഡമാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് പശുക്കളെ നഷ്ടപ്പെട്ട കർഷകരുടെ എണ്ണം കണ്ടെത്തിയതെന്നും രഘുപ്രസാദ് പറയുന്നു.
തുടർന്ന് അവരുടെ യോഗവും വിളിച്ചു കുട്ടി. അന്യസംസ്ഥാനത്തു നിന്നും പശുക്കളെയും, കിടാവുകളെയും എത്തിച്ചു കൊടുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അതിനായി 9.80 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ വകയിരുത്തിയിട്ടുണ്ട്. കർഷകർക്ക് സബ്സിഡിയോടുകൂടിയായിരിക്കും പശുക്കളെ നൽകുന്നത്. അന്യസംസ്ഥാനത്തു നിന്ന് പശുക്കളെ കൊണ്ടുവരുന്നത് സംബന്ധിച്ച് കർഷകർക്കുണ്ടാകുന്ന സംശയങ്ങൾ ദുരീകരിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനൽകുന്നു.