വയനാട്: പ്രളയ ദുരിതാശ്വാസത്തിനും നവകേരള നിര്‍മ്മിതിക്കുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറിയുടെ പ്രചാരണത്തിനായി ജില്ലയില്‍ തെരുവ് നാടകം സംഘടിപ്പിച്ചു. ജില്ലാ കളക്ടറേറ്റിനു മുമ്പില്‍ കുടുംബശ്രീയുടെ സാംസ്‌കാരിക വിഭാഗമായ രംഗശ്രീയുടെ നേതൃത്വത്തിലാണ് തെരുവ് നാടകം അവതരിപ്പിച്ചത്. സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നവകേരള ഭാഗ്യക്കുറിയെടുത്തു പ്രചാരണം ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു പ്രചാരണ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും നിര്‍വഹിച്ചു.
പ്രളയം, ഒറ്റക്കെട്ടായ അതിജീവനം എന്നി വിഷയങ്ങളെ അധികരിച്ചായിരുന്നു രംഗാവീഷ്‌കരണം. പരിപാടിയില്‍ ജില്ലാ ഭാഗ്യക്കുറി ഓഫിസര്‍ എസ്. അനില്‍കുമാര്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി. സാജിത, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ. സുധീര്‍ കിഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നവകേരള ഭാഗ്യക്കുറി പ്രചാരണത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലും തെരുവ് നാടകം അവതരിപ്പിച്ചു. 250 രൂപ വിലയുള്ള ടീക്കറ്റിന്റെ നറുക്കെടുപ്പ് ഒക്ടോബര്‍ മൂന്നിനാണ്. ആകെ രണ്ടു സമ്മാനമാണുള്ളത്. 90 പേര്‍ക്ക് ഒരു ലക്ഷ രൂപ ഒന്നാം സമ്മാനമായും 100800 പേര്‍ക്ക് 5000 രൂപ രണ്ടാം സമ്മാനമായും ലഭിക്കും.
