പ്രളയബാധിതരായവര്‍ക്ക് ജീവിതത്തെ പുനക്രമീകരിക്കാനുള്ള സംവിധാനമാണ് കുടുംബശ്രീ വഴി ലഭ്യമാക്കുന്ന റീസര്‍ജന്റ് കേരളാ ലോണ്‍ സ്‌കീം (ആര്‍കെഎല്‍എസ് ) എന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. പ്രളയബാധിതര്‍ക്ക് കൈത്താങ്ങാകുന്നതിന് കുടുംബശ്രീ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന റീസര്‍ജന്റ് കേരള വായ്പാ പദ്ധതിയുടെ ജില്ലാതല വിതരണ ഉദ്ഘാടനം തിരുവല്ല ഡിറ്റിപിസി സത്രത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബശീ വഴി വായ്പ നല്‍കുമ്പോള്‍ ഈ തുക ഫലപ്രദമായി വിനിയോഗിക്കുമെന്ന വിശ്വാസം സര്‍ക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കിന്റെയും നെടുമ്പ്രം പ്രാഥമിക സഹകരണ ബാങ്കിന്റെയും സഹായത്തോടെയാണ് ജില്ലയില്‍ വായ്പ നല്‍കുന്നത്.  നടപടികള്‍ പൂര്‍ത്തീകരിച്ച് ദേശസാല്‍കൃത ബാങ്കുകള്‍ വഴി വായ്പ ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. റീസര്‍ജന്റ് കേരള ലോണ്‍ പദ്ധതിയിലൂടെ സംസ്ഥാനത്തുണ്ടായ പ്രകൃതിക്ഷോഭത്തില്‍ വീട്ടുപകരണങ്ങള്‍, ജീവനോപാധികള്‍ തുടങ്ങിയവയ്ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്ക് അത് ലഭ്യമാക്കുവാനും പ്രളയത്തില്‍ വീടുകള്‍ക്ക് ഉണ്ടായ ചെറിയ അറ്റകുറ്റപണികള്‍ നിര്‍വഹിക്കുന്നതിനും വേണ്ടി ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പയായി ലഭ്യമാക്കും. വായ്പയുടെ ഒമ്പത് ശതമാനം വരെയുള്ള പലിശ സര്‍ക്കാര്‍ വഹിക്കും. 36 മുതല്‍ 48 മാസം വരെയാണ് വായ്പ തിരിച്ചടവ് കാലാവധി. ജില്ലയിലെ 1969 അയല്‍ക്കൂട്ടങ്ങളെയാണ് പ്രളയക്കെടുതി ബാധിച്ചത്. ഇതില്‍ 1819 അയല്‍ക്കൂട്ടങ്ങള്‍ വായ്പയ്ക്കുള്ള അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 1003 അംഗങ്ങളുടെ അപേക്ഷകള്‍ വായ്പ അനുവദിക്കുന്നതിനായി ബാങ്കുകളിലേക്ക് നല്‍കി. 74 അയല്‍ക്കൂട്ടങ്ങളിലെ 645 ഗുണഭോക്താക്കള്‍ക്കുള്ള വായ്പാ വിതരണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. 4,88,46000 രൂപയാണ് വായ്പയായി വിതരണം ചെയ്തത്.സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ ആശ്വാസ ധനസഹായമായ 10000/ രൂപക്ക് അര്‍ഹരായ പ്രകൃതിക്ഷോഭബാധിത പ്രദേശങ്ങളിലെ കുടുംബശ്രീ അംഗമായ കുടുംബനാഥയ്ക്ക് ആണ് വായ്പയ്ക്ക് അര്‍ഹത. ഒരു കുടുംബത്തില്‍ നിന്നും ഒരു വനിതയ്ക്ക് മാത്രമേ വായ്പ്പ ലഭിക്കുകയുള്ളു. കുടുംബശ്രീ അംഗങ്ങളല്ലാത്തവര്‍ക്ക് അവരുടെ തൊട്ടടുത്തുള്ള അയല്‍ക്കൂട്ടത്തില്‍ അംഗമായ ശേഷം വായ്പയ്ക്ക് അപേക്ഷിക്കാം. അയല്‍ക്കൂട്ടത്തില്‍ ചേര്‍ന്ന് ത്രിഫ്റ്റ്  പ്രവര്‍ത്തനം ആരംഭിക്കുന്ന മുറയ്ക്ക്  മാത്രമേ വായ്പക്കുള്ള ഈ അപേക്ഷകള്‍ പരിഗണിക്കുകയുള്ളു. നിലവിലുള്ള അര്‍ഹരായ അയല്‍ക്കൂട്ടാംഗങ്ങള്‍ ഈ മാസം 18നകം അപേക്ഷകള്‍ ബാങ്കില്‍ സമര്‍പ്പിക്കണം. ആദ്യ ഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക്  ഡിസംബര്‍ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാന്‍ കഴിയും.
തിരുവല്ല മുന്‍സിപ്പല്‍ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സുനില്‍ കുമാര്‍, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ തോമസ്, വാര്‍ഡ് കൗണ്‍സിലര്‍ ജിജേഷ് കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. സാബിര്‍ ഹുസൈന്‍, പത്തനംതിട്ട ലീഡ് ബാങ്ക് മാനേജര്‍ വി.വിജയകുമാരന്‍, ജില്ലാ സഹകരണ ബാങ്ക് ജോയിന്റ് രജിസ്ട്രാര്‍ പി.ജെ. അബ്ദുള്‍ ഗഫൂര്‍, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ ടി.കെ.റോയി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.രാജന്‍ പിള്ള, നെടുമ്പ്രം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.വിനയചന്ദ്രന്‍, സെക്രട്ടറി കെ.സി. മനുഭായി, എഡിഎംസിമാരായ വി.എസ്. സീമ, എ മണികണ്ഠന്‍, കെ.എച്ച്. സലീന, സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാര്‍, വിവിധ അയല്‍ക്കൂട്ട അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.