കുഷ്ഠരോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗനിർണയം നടത്തുന്നതിനായി നടത്തുന്ന ബാലമിത്ര ക്യാമ്പയിന് ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ അങ്കണവാടി വർക്കർമാർക്കും സ്കൂളിൽ നിന്നും നിയമിച്ച നോഡൽ അധ്യാപകർക്കും ആശാപ്രവർത്തകർക്കും കുഷ്ഠരോഗത്തെ ക്കുറിച്ചും ബാലമിത്രപരിപാടിയെ ക്കുറിച്ചുമുളള ബോധവത്ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം.ആർ. രാജേഷ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. സുധ സുബി നായർ കുഷ്ഠരോഗ നിർണ്ണയത്തെ സംബന്ധിച്ച് ക്ലാസ്സ് നയിച്ചു.

ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ബാലമിത്ര ക്യാമ്പയിൻ നടത്തുന്നത്. രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ നൽകി അംഗവൈകല്യവും രോഗപകർച്ചയും ഇല്ലാതാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. രണ്ടു വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളെയാണ് ബാലമിത്ര ക്യാമ്പയിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരിശീലനം ലഭിച്ച നോഡൽ അധ്യാപകർ വിദ്യാലയങ്ങളിലെ മറ്റ് അധ്യാപകർക്കും പരിശീലനം നൽകും. തുടർന്ന് അധ്യാപകർ വിദ്യാർഥികൾക്ക് കുഷ്ഠരോഗ നിർണയത്തെക്കുറിച്ച് വിശദീകരിക്കുകയും ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ വിദ്യാലയത്തിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും.

പഞ്ചായത്ത് ഹാളിൽ ചേർന്ന പരിശീലന പരിപാടി യോഗത്തിൽ വൈസ് പ്രസിഡന്റ്‌ പുഷ്പ പ്രദീപ്‌ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി മനോജ്, വാർഡ് മെമ്പർ ലേഖ പ്രകാശ്, ആരോഗ്യ പ്രവർത്തകർ , സ്കൂൾ അധ്യാപകർ, അങ്കണവാടി ജീവനക്കാർ എന്നിവർ പങ്കെടുത്തു.