കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുള്ള മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടുന്നതിന് 25 അംഗ എന്‍ഡിആര്‍എഫ് ടീം പത്തനംതിട്ടയിലെത്തി. ഇന്നലെ ഉച്ചയ്ക്ക് 2.30ന് കളക്ടറേറ്റിലെത്തിയ സംഘം ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സാഹചര്യമുണ്ടായാല്‍ അതിനാവശ്യമായ സന്നാഹങ്ങളുമായിട്ടാണ് സംഘം എത്തിയിട്ടുള്ളത്. തമിഴ്‌നാട്ടിലെ ആരക്കോണത്തുനിന്നും എത്തിയിട്ടുള്ള സംഘത്തിന്റെ ടീം കമാണ്ടര്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.പയസിയാണ്. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എന്‍.എം.കോണ്ടില്ല, ലെയ്‌സണ്‍ ഓഫീസര്‍ ശശികുമാര്‍ എന്നിവര്‍ക്കാണ് സംഘത്തിന്റെ ഏകോപന ചുമതല. പത്തനംതിട്ട കിഴക്കേടത്ത് മറിയം കോംപ്ലക്‌സിലാണ് സംഘാംഗങ്ങളെ താമസിപ്പിക്കുന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ ജില്ലയിലെ ഏതുഭാഗത്തേക്കും സംഘത്തെ എത്തിക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും തയാറായിട്ടുണ്ട്.
കനത്തമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കക്കി ആനത്തോട് ഡാമിന്റെ നാലു ഷട്ടറുകളും പമ്പാ ഡാമിന്റെ ആറു ഷട്ടറുകളും മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകളും ഇന്നലെ ഉച്ചയ്ക്ക് ഒന്നുമുതല്‍ തുറന്നിരുന്നു. ഇതുമൂലം പമ്പാ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പമ്പാ നദിയുടെ തീരങ്ങളില്‍ താമസിക്കുന്നവരും പമ്പാ ത്രിവേണിയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെങ്കിലും മുന്‍ കരുതല്‍ എന്ന നിലയിലാണ് ഡാമുകള്‍ തുറക്കുകയും ആവശ്യമായ രക്ഷാസംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. മൂഴിയാര്‍ ഡാം തുറക്കുന്നതു മൂലം മൂഴിയാര്‍, ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ കൂടി ഒഴുകുന്ന കക്കാട്ടാറിലെ ജല നിരപ്പ് ഉയരാന്‍ ഇടയുണ്ട്. ഷട്ടറുകള്‍ ഉയര്‍ത്തുമ്പോള്‍ കക്കി ആനത്തോട് ഡാമില്‍ നിന്ന്് ഏകദേശം 150 ഉം പമ്പാ ഡാമില്‍ നിന്ന് 100 ഉം മൂഴിയാര്‍ ഡാമില്‍ നിന്ന് 10 മുതല്‍ 50 ക്യുമെക്‌സ് ജലവുമായിരിക്കും പുറത്തേക്ക് ഒഴുക്കുകയെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.
