ഠ നാടിതുവരെ കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ വൈദ്യുതാലങ്കാരവുമായി കേരളീയം

നഗരം ഇന്നേവരെ കണ്ടിട്ടില്ലാത്ത വർണങ്ങളുടെ ആഘോഷവും അലങ്കാരവുമായി കേരളീയത്തിന്റെ ദീപാലങ്കരവിസ്മയം ഒരുങ്ങുന്നു. കിഴക്കേക്കോട്ട മുതൽ കവടിയാർ വരെയുള്ള വഴികൾ മുഴുവൻ എട്ടുവ്യത്യസ്ത കളർ തീമുകളിൽ ഒരുക്കി നഗരസന്ധ്യകളെ വർണപ്രഭയിൽ നിറച്ചായിരിക്കും കാഴ്ചാവിസ്മയം ഒരുക്കുക. മറ്റുവഴികൾ ഉൾപ്പെടെ എട്ടുകിലോമീറ്റർ ദൈർഘ്യത്തിൽ വൈദ്യുതദീപാലങ്കാരമൊരുക്കും. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കേരളീയം മഹോത്സവത്തിന്റെ പ്രധാനആകർഷണീയതകളിൽ ഒന്നാകും സാങ്കേതികതമികവും അലങ്കാരമികവും സമന്വയിക്കുന്ന വൈദ്യുതദീപക്കാഴ്ച.

എൽ.ഇ.ഡി. ദീപങ്ങൾ കൊണ്ട് ആകർഷകമാക്കിയ 360 ഡിഗ്രി സെൽഫി പോയിന്റുകൾ അടക്കമുള്ള നൂതനകാഴ്ചകളാണ് കേരളീയം സന്ദർശകർക്കായി ഒരുക്കുന്നത്. കനകക്കുന്ന്, സെൻട്രൽ സ്‌റ്റേഡിയം, മ്യൂസിയം കോമ്പൗണ്ട്, ടാഗോർ തിയറ്റർ, സെക്രട്ടേറിയറ്റും അനക്‌സും, പുത്തരിക്കണ്ടം മൈതാനം, ഗാന്ധി പാർക്ക്, നായനാർ പാർക്ക് എന്നീ വേദികൾ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുതദീപങ്ങൾ കൊണ്ട് അലങ്കരിക്കും. കനകക്കുന്നിൽ കേരളീയത്തിന്റെ കൂറ്റൻ ലോഗോയായിരിക്കും പ്രധാന ആകർഷണം.

പ്രകാശിതമായ കൂറ്റൻ ബലൂണുകളാൽ സെൻട്രൽ സ്‌റ്റേഡിയത്തിലെ രാത്രിക്കാഴ്ച നവ്യാനുഭൂതിയാകും. ടാഗോർ തിയറ്ററിൽ മൂൺ ലൈറ്റുകൾ നിലാനടത്തത്തിന് വഴിയൊരുക്കും.
കനകക്കുന്നിൽ ലേസർമാൻ ഷോയും ഡിജെയും കേരളീയം സന്ധ്യകളെ ഹരം കൊള്ളിക്കും. കുട്ടികൾക്കായി മ്യൂസിയത്തിൽ മൃഗങ്ങളുടെ രൂപത്തിലുള്ള വൈദ്യുതാലങ്കാരങ്ങൾ തീർക്കും.
നഗരം ചുറ്റുന്ന രണ്ടു കെ.എസ്.ആർ.ടി.സി. ബസുകൾ വൈദ്യുതാലങ്കാരത്താൽ പൊതിയും. ശിൽപങ്ങളും പ്രതിമകളും വോയ്‌സ് ഓവറോടുകൂടി അലങ്കരിക്കും. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ, പ്രധാന ജംഗഷ്‌നുകൾ, പാലങ്ങൾ എന്നിവയും വ്യത്യസ്തനിറങ്ങളിലുള്ള ദീപങ്ങളാൽ അലങ്കരിക്കും.

യു.വി. സ്‌റ്റേജ് ലൈറ്റ് ഷോ, കൈനറ്റിക് എൽ.ഇ.ഡി. ബോൾസ്, എൽ.ഇ.ഡി. ലൈറ്റ് ഫൗണ്ടെയ്ൻ എന്നിങ്ങനെ ആകർഷകമായ പല വൈദ്യുതാലങ്കാരകാഴ്ചകളും ഒരാഴ്ചക്കാലം അനന്തപുരിയെ അലങ്കരിക്കും.