ആയുര്‍വേദമെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും അംഗീകൃതസംഘടനകളുടെയും സഹകരണത്തോടെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഈ വര്‍ഷത്തെ ദേശീയ ആയുര്‍വേദദിനപരിപാടികള്‍ സംഘടിപ്പിക്കും. ആയുര്‍വേദദിനമായ നവംബര്‍ 10 ന് വിവിധ ആയുര്‍വേദവിഭാഗങ്ങള്‍ ഒരുമിച്ച് പൊതു പരിപാടി നടത്തും. ആയുര്‍വേദപ്രചരണം എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുന്നതിനായി ‘ആയുര്‍വേദം എല്ലാവര്‍ക്കും എല്ലാ ദിവസവും’ എന്ന ടാഗ് ലൈനില്‍ ‘ആയുര്‍വേദ ഫോര്‍ വണ്‍ ഹെല്‍ത്ത്’ എന്ന തീം ആണ് ഈ വര്‍ഷം പ്രചരിപ്പിക്കുന്നത്.

ആഴ്ചയില്‍ ഒരു ദിവസം എല്ലാ ആയുര്‍വേദസ്ഥാപനങ്ങളിലും ജീവിതശൈലി രോഗങ്ങള്‍ക്കായി പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിക്കും. സ്‌കൂള്‍- കോളേജ് തലത്തില്‍ ആയുര്‍വേദത്തെക്കുറിച്ച് അവബോധ ക്ലാസുകളും മറ്റു പരിപാടികളും സംഘടിപ്പിക്കും. ജില്ലാതലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍ നടത്തി സമ്മാനം നല്‍കും. ‘ആയുര്‍വേദം എന്റെ ജീവിതത്തില്‍ ‘ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ ഓരോ ജില്ലകളിലും നടത്തും. ദൈനംദിനം ഉപയോഗിക്കുന്ന വസ്തുക്കള്‍, മില്ലറ്റ്, ഭക്ഷണം തുടങ്ങിയവയുടെ ആയുര്‍വേദപ്രയോജനങ്ങള്‍ ഉള്‍പ്പെടുത്തി വിശദീകരിക്കും.

തൊടുപുഴയില്‍ റാലിയും പൊതുജനങ്ങളെ ഉള്‍പ്പെടുത്തി ആയുര്‍വേദസ്ഥാപനങ്ങള്‍ അഞ്ച് ക്ലാസുകള്‍ വീതവും സംഘടിപ്പിക്കും. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രാധാന്യം നല്‍കുന്ന പരിപാടികള്‍ , ഓരോ സ്പെഷ്യാലിറ്റി സെന്ററുകളും സ്പെഷ്യാലിറ്റി തലത്തിലുള്ള പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വാട്ടര്‍ കളറിംഗ് മത്സരം, ഉപന്യാസമത്സരം എന്നിവയും മറ്റുള്ളവര്‍ക്കായി ഫോട്ടോഗ്രാഫി മത്സരവും നടത്തും.

ഓണ്‍ലൈനായി നവംബര്‍ 8 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. വിജയികള്‍ക്ക് നവംബര്‍ 10 ന് തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടക്കുന്ന പൊതു ചടങ്ങില്‍ സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. മത്സരം സംബന്ധിച്ച വിവരങ്ങള്‍ക്ക് ഫോണ്‍: 9744072007 .