മന്ത്രിയുടെ തൂവാലയില്‍ യുവശക്തിയുടെ മാന്ത്രിക കൈയൊപ്പുമായി സംസ്ഥാന യുവജന കമ്മീഷന്‍ മാജിക് അക്കാദമിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘മൈ കേരള’ പദ്ധതിക്ക് തുടക്കമായി. നവകേരള നിര്‍മിതിയില്‍ യുവജനങ്ങളെ പങ്കാളികളാക്കുന്ന പദ്ധതി വ്യവസായ, യുവജനകാര്യമന്ത്രി ഇ.പി. ജയരാജനാണ് ഉദ്ഘാടനം ചെയ്തത്. പ്രൊഫ: ഗോപിനാഥ് മുതുകാടിന്റെ മാന്ത്രികപ്രകടനവുമായാണ് ഉദ്ഘാടനചടങ്ങ് വര്‍ണാഭമായത്. മന്ത്രി ഇ.പി. ജയരാജനും, ചടങ്ങിന് വേദിയായ ഗവ. വനിതാ കോളേജ് വിദ്യാര്‍ഥികളും പങ്കാളികളായി. ആദ്യം ഒരു വിദ്യാര്‍ഥിനിയെ വേദിയിലെത്തിച്ച് മുതുകാട് വാച്ച് വാങ്ങി തുടര്‍ന്ന്, മന്ത്രിയുടെ തൂവാലയില്‍ അനേകം വിദ്യാര്‍ഥിനികളുടെ കൈയൊപ്പ് വാങ്ങി.
വാച്ചും തൂവാലയും ഒരു പെട്ടിയിലാക്കി വേദിയില്‍ സൂക്ഷിച്ചു. നിമിഷങ്ങള്‍ക്കകം, വാച്ചും തൂവാലയും സദസ്സില്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ മറ്റൊരു പെട്ടിയില്‍ നിന്ന് കണ്ടെത്തിയാണ് സദസ്സിനെയും മന്ത്രിയെയും മുതുകാട് അതിശയിപ്പിച്ചത്.
 നവകേരള നിര്‍മിതിയില്‍ പങ്കാളികളാകുമെന്ന് വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ പ്രതിജ്ഞയെടുത്തു. യുവാക്കളുടെ കൈയൊപ്പ് പതിഞ്ഞ തൂവാല ചരിത്രരേഖയായി സൂക്ഷിക്കുമെന്ന ഉറപ്പുനല്‍കിയാണ് മന്ത്രി മടങ്ങിയത്.
മഹാപ്രളയം വന്നപ്പോള്‍ ദുരന്തനിവാരണത്തില്‍ കേരളം മാതൃകയായതായി മന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളും ഒരുമനസോടെ പ്രവര്‍ത്തിച്ചു. ആശ്വാസപ്രവര്‍ത്തനങ്ങളില്‍ യുവാക്കളും പങ്കാളികളായി. ഈ ഐക്യവും സാഹോദര്യവും വളര്‍ത്തിയെടുക്കണം. ഇതാകണം കേരളത്തിന്റെ കരുത്തും ശക്തിയും. യുവാക്കള്‍ക്ക് ഇക്കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചിന്തിച്ചുവളരാന്‍ കഴിയുന്ന പുതുതലമുറ ദൗത്യം നിറവേറ്റാന്‍ മുന്നോട്ടുവരണം.
സര്‍വമേഖലയിലും സ്ത്രീകള്‍ ഉയര്‍ന്നുവരുമ്പോള്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കാന്‍ പിന്തിരിപ്പന്‍ ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നത് യുവജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
മാജിക് അക്കാദമിയുടെ സഹകരണത്തോടെ കേരളമെമ്പാടും മാജിക്കിലൂടെ നവകേരള നിര്‍മിതിയില്‍ യുവാക്കള്‍ക്ക് അവബോധം നല്‍കുന്ന പദ്ധതിയാണ് ‘മൈ കേരള-മെന്ററിംഗ് യംഗ് കേരള’  പദ്ധതി.
ചടങ്ങില്‍ യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം അധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു, ഗവ. വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജി. വിജയലക്ഷ്മി, കമ്മീഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.കമ്മീഷന്‍ അംഗം ഐ. സാജു സ്വാഗതവും സെക്രട്ടറി ഡി. സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.