*എം.എന്‍.നാരായണന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി 
വി.എന്‍. വാസുദേവന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായും എം.എന്‍. നാരായണന്‍ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും സന്നിധാനത്തു നടന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. തുലാമാസം ഒന്നായ ഇന്നലെ(18) രാവിലെ അഞ്ചിന് ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.വി. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി തുറന്ന് നിര്‍മ്മാല്യവും നെയ്യഭിഷേകവും നടത്തി. ഗണപതി ഹോമത്തിനു ശേഷം ഉഷപൂജ നടന്നു. തുടര്‍ന്ന് എട്ടുമണിയോടെ ശബരിമലയിലെ വരുന്ന ഒരു വര്‍ഷത്തേക്കുള്ള മേല്‍ശാന്തിയുടെ നറുക്കെടുപ്പ് നടപടികള്‍ ആരംഭിച്ചു.
 ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിനായി പട്ടികയില്‍ ഇടം നേടിയ ഒന്‍പതു ശാന്തിമാരുടെ പേരുകള്‍ ഉറക്കെ വായിച്ച ശേഷം അവരുടെ പേരുകള്‍ എഴുതിയ പേപ്പര്‍ ചുരുളുകളാക്കി ഒരു വെള്ളി കുടത്തില്‍ നിക്ഷേപിച്ചു. രണ്ടാമത്തെ വെള്ളിക്കുടത്തില്‍ ഒന്‍പതു പേപ്പര്‍ ചുരുകളും ഇട്ടു. അവയില്‍ ഒന്നില്‍ മാത്രം മേല്‍ശാന്തി എന്ന് രേഖപ്പെടുത്തിയിരുന്നു. മറ്റുള്ളവ ഒന്നും രേഖപ്പെടുത്താതെ നിക്ഷേപിച്ചവയാണ്. പിന്നീട് വെള്ളിക്കുടങ്ങള്‍ ശ്രീകോവിലിനുള്ളില്‍  പൂജ നടത്തി. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര്, പൂജിച്ച കുടങ്ങള്‍ നറുക്കെടുപ്പ് നടത്താനായി കൈമാറി. പന്തളം രാജകൊട്ടാരത്തില്‍ നിന്നെത്തിയ ഋഷികേശ് എസ്.വര്‍മ്മ നറുക്ക് എടുത്തു. നറുക്കെടുപ്പ് ആറാം ഊഴമെത്തിയപ്പോള്‍ മേല്‍ശാന്തി ആകാനുള്ള അയ്യപ്പ അനുഗ്രഹം  വി എന്‍.വാസുദേവന്‍ നമ്പൂതിരിക്ക് ലഭിക്കുകയായിരുന്നു. പാലക്കാട് സ്വദേശിയാണ് വി.എന്‍. വാസുദേവന്‍ നമ്പൂതിരി. നിലവില്‍ ബാംഗളൂര്‍  ശ്രീജെല്ലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.
തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രത്തില്‍ നടന്ന നറുക്കെടുപ്പിലൂടെ എം.എന്‍.നാരായണന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. പന്തളം കൊട്ടാരത്തില്‍ നിന്നെത്തിയ ദുര്‍ഗ രാംദാസ് രാജയാണ് മാളികപ്പുറം മേല്‍ശാന്തിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ചെങ്ങന്നൂര്‍ ഇരമല്ലിക്കര, മാമ്പറ്റ ഇല്ലത്തെ പ്രതിനിധിയാണ് എം.എന്‍ നാരായണന്‍ നമ്പൂതിരി. ഹൈക്കോടതി നിയോഗിച്ച ഓംബുഡ്‌സ്മാന്‍ ഭാസ്‌കരന്റെ നിരീക്ഷണത്തിലാണ് ശബരിമലയിലെയും മാളികപ്പുറത്തെയും നറുക്കെടുപ്പ് നടന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ്, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ സുധീഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ദേവസ്വം കമ്മീഷണര്‍ എന്‍.വാസു നറുക്കെടുപ്പ് നടപടികള്‍ക്ക് നേത്യത്വം നല്‍കി. ശരണ മന്ത്രങ്ങളുമായി അയ്യപ്പഭക്തരും മേല്‍ശാന്തി നറുക്കെടുപ്പിന് സാക്ഷികളായി.
നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഇരു മേല്‍ശാന്തിമാരും പുറപ്പെടാ ശാന്തിമാരാണ്. അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തിമാര്‍ തുലാം മുപ്പതിന്  (നവംബര്‍16) ഇരുമുടി കെട്ടുമായി മലചവിട്ടി സന്നിധാനത്ത് എത്തും. തുടര്‍ന്ന്  തന്ത്രി കണ്ഠര് രാജീവര്   മേല്‍ശാന്തിമാരെ  അഭിഷേകം നടത്തി, അവരോധിച്ച് അവരുടെ കൈപിടിച്ച് ക്ഷേത്ര ശ്രീകോവിലേക്ക് ആനയിക്കും. ശേഷം പുതിയ മേല്‍ശാന്തിമാര്‍ക്ക് തന്ത്രി കണ്ഠര് രാജീവര്  ശ്രീകോവിലിനുള്ളില്‍ വച്ച്  മൂലമന്ത്രം ചൊല്ലിക്കൊടുക്കും. പിന്നീട് വിശ്ചികം ഒന്നിന് (നവംബര്‍ 17 ന്)ശബരിമല ധര്‍മ്മശാസ്താക്ഷേത്ര നട തുറക്കുന്നത് പുതിയ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയായിരിക്കും.
അഞ്ചു ദിവസത്തെ തുലാമാസ പൂജകള്‍  പൂര്‍ത്തിയാക്കി ക്ഷേത്രനട 22 ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും. തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ രണ്ടാം ദിവസവും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ നൂറു കണക്കിന് അയ്യപ്പഭക്തരാണ് ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്.