നമ്മുടെ നാട് വികസനത്തില്‍ എവിടെ എത്തി നില്‍ക്കുന്നു എന്തെല്ലാം കാര്യങ്ങളില്‍ നമുക്ക് മുന്നേറണം എന്നതിലുളള ആശയ രൂപികരണമാണ് ഓരോ മണ്ഡല പര്യടനത്തിലൂടെയും നമ്മള്‍ ലക്ഷ്യം വയ്ക്കുന്നതെന്നു മുഖ്യമന്തി പിണറായി വിജയന്‍. പാലാ നിയോജകമണ്ഡലം നവകേരളസദസ് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന വിവിധ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കാത്ത വിധം കേന്ദ്ര വിഹിതം വെട്ടി കുറച്ച് കൊണ്ട് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്ന ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. യുജിസി ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയതിലും കുടിശിക നല്‍കിയിട്ടില്ല. നഗരവികസന ബാങ്ക്, ഗ്രാമവികസന ബാങ്ക്, കര്‍ഷകര്‍ക്ക് നല്‍കേണ്ട തുക നടങ്ങി വിവിധ മേഖലകളില്‍ ചെലവാക്കാനുള്ള തുക കുടിശികയായി കിടക്കുന്നു ആകെ 5643 കോടി രൂപ നമുക്ക് ലഭിക്കാനുണ്ട്.

10-ാംധനകാര്യ കമ്മിഷനില്‍ നിന്നും 15 മത് ധനകാര്യ കമ്മീഷനിലേക്ക് എത്തിനില്‍ക്കുമ്പോള്‍ കേന്ദ്രം നല്‍കാനുള വിഹിതം സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്ന രീതിയില്‍ വെട്ടികുറച്ച നയമാണ് കേന്ദ്രം കൈ കൊണ്ടിരിക്കുന്നത്. നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ നിന്ന് കേന്ദ്രം എടുത്തിട്ടുള്ളത് കടമായി കരുതിയില്ല. എന്നാല്‍ കിഫ്ബിയില്‍ നിന്നും വിവിധ വികസന ക്ഷേമ പ്രവര്‍ത്തനങള്‍ നടപ്പിലാക്കുവാന്‍ കേരളം എടുത്തിട്ടുള്ളതിനെ കടമായി കാണുന്ന വിരുദ്ധ നിലപാടാണ് കേന്ദ്രം എടുത്തിട്ടുള്ളത്.

ക്ഷാമബത്ത, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, തൊഴിലുറപ്പ് പദ്ധതികള്‍, ജനകീയ ഹോട്ടലുകള്‍, സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ തുടങ്ങി അടിസ്ഥാന വര്‍ഗ്ഗത്തെ സ്പര്‍ശിക്കുന്ന എല്ലാ പ്രശ്നങ്ങളും കൃത്യമായി പരിഹരിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പക്ഷേ കേന്ദ്രം മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിഹിതം പോലും നമുക്ക് തരുന്നില്ല. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക നയത്തില്‍ ഇടപെട്ടുകൊണ്ട് രാഷ്ടീയ പകപോക്കലിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സാധാരണ കടമെടുപ്പ് ശാസ്ത്രത്തെ തന്നെ തകിടം മറിക്കുന്ന രീതിയിലാണ് നിലപാടുകള്‍ സ്‌കരിക്കുന്നത്.

സാമൂഹ്യക്ഷേമ പെന്‍ഷന്‍, പൊതുമേഖ സ്ഥാപനങ്ങള്‍ ഏറ്റെടുക്കല്‍, ഭവന നിര്‍മ്മാണം തുടങ്ങി പൊതുജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തന്നെ ഒരു ബദല്‍ നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
സാമ്പത്തിക നയത്തില്‍ മാതമല്ല രാഷ്ടീയ നയത്തിലും സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളോട് സമരസപെട്ട് പോകാനാകില്ല. ഉറച്ച വിട്ടു വീഴ്ചയില്ലാത്ത നിലപാടാണ് വര്‍ഗീയതയ്ക്കെതിരെയും, മതനിരപേക്ഷത സംരക്ഷിക്കുന്നതിനുമായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളളത്.

ഇത് സര്‍ക്കാരിനെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. കേരളത്തിലെ ഓരോ ജനങ്ങളെയും വികസനത്തെയും ബാധിക്കുന്ന പ്രശ്നമാണ്. ജനം ഈ പ്രശ്നങ്ങളെല്ലാം തിരിച്ചറിഞ്ഞ് കഴിഞ്ഞു നവകേരള സദസിന് ലഭിക്കുന്ന സ്വീകാര്യതയും അതിനുള്ള തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സദസില്‍ ജോസ് കെ. മാണി എം. പി. അധ്യക്ഷനായി. മന്ത്രിമാരായ അഡ്വ. ആന്റണി രാജു, അഡ്വ. കെ. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. തോമസ് ചാഴികാടന്‍ എം.പി,
നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ, ചീഫ് സെക്രട്ടറി ഡോ: വി. വേണു, തദ്ദേശ സ്വയം ഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദ ജി. മുരളീധരന്‍, ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി, പാലാ ആര്‍. ഡി. ഒയും സംഘാടക സമിതി കണ്‍വീനറുമായ പി. ജി. രാജേന്ദ്ര ബാബു, മീനച്ചില്‍ തഹസില്‍ദാര്‍ കെ. എം. ജോസുകുട്ടി എന്നിവര്‍ പങ്കെടുത്തു

(കെ. ഐ.ഒ. പി. ആര്‍ 3228/2023)