മികച്ച ചികിത്സാ സംവിധാനങ്ങളോ ആവശ്യത്തിന് ഡോക്ടർമാരോ ഇല്ലാതെ വീർപ്പുമുട്ടിയിരുന്ന തില്ലങ്കേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മുഖച്ഛായ മാറുന്നു. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. ആർദ്രം പദ്ധതിയിലുൾപ്പെടുത്തിയാണ് ആശുപത്രിയുടെ വിപുലീകരണ പ്രവൃത്തികൾ നടത്തുന്നത്.
സംസ്ഥാന സർക്കാറിന്റെയും പഞ്ചായത്തിന്റെയും വിഹിതമായ 30 ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് നാട്ടുകാരുടെ ഏകാശ്രയമായ ആശുപത്രി കുടുംബാരോഗ്യ കേന്ദത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്. സാമ്പത്തികപരമായും വികസനപരമായും ഏറെ പിന്നോക്കം നിൽക്കുന്ന പഞ്ചായത്തിൽ ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെ ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണ്. ഇതുവരെ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ആശുപത്രിയിൽ ലഭ്യമായിരുന്നത്. കുടുംബാരോഗ്യ കേന്ദ്രം യാഥാർഥ്യമാകുന്നതോടെ രാവിലെ ഒമ്പത് മണി മുതൽ ആറ് മണിവരെ പരിശോധനയും മൂന്ന് ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. പദ്ധതിയുടെ ഭാഗമായി ഒരു ഡോക്ടറെ പഞ്ചായത്ത് നിലവിൽ നിയമിച്ചു കഴിഞ്ഞു.
നഗര പ്രദേശങ്ങളിൽ നിന്നും വളരെ അകലെയായി സ്ഥിതി ചെയ്യുന്ന പഞ്ചായത്തിൽ ആവശ്യത്തിന് ഡോക്ടർമാരോ ആശുപത്രികളോ ഇല്ലാത്തത് ജനങ്ങളെ ഏറെ വലച്ചിരുന്നു. മട്ടന്നൂർ, ഇരിട്ടി, പേരാവൂർ തുടങ്ങിയ നഗരങ്ങളിലെ ആശുപത്രികളെയായിരുന്നു ഇവിടുത്തെ ജനങ്ങൾ ഇതുവരെ ആശ്രയിച്ചിരുന്നത്.
  ആശുപത്രിയുടെ 90 ശതമാനത്തിലധികം ജോലികളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. പുതിയ ലാബ്, ഓഫീസ് കെട്ടിടം, കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയവയുടെ പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. ആശുപത്രിയിൽ കവാടം, കുട്ടികൾക്കുള്ള പ്ലേ ഏരിയ, പൂന്തോട്ടം എന്നിവ ഒരുക്കുന്നതിനും ടെലിവിഷൻ, ഫ്രിഡ്ജ്, ആശുപത്രി ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനും സന്നദ്ധ സംഘടനകളും വ്യക്തികളും സഹായവുമായെത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി പി സുഭാഷ് പറഞ്ഞു.