പ്രളയ ദുരിതബാധിതരെ സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ നവകേരള ലോട്ടറിയുടെ നറുക്കെടുപ്പില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് നിരവധി സമ്മാനങ്ങള്‍. ജില്ലയിലെ 26 സി.ഡി.എസുകളും നവകേരള ലോട്ടറിയുടെ താല്‍ക്കാലിക ഏജന്‍സി എടുത്തിരുന്നു. ആകെ 10,110 ടിക്കറ്റുകളാണ് ലോട്ടറി വകുപ്പില്‍നിന്നും കുടുംബശ്രീ അംഗങ്ങള്‍ വാങ്ങിയത്. ഇവയില്‍ അമ്പലവയല്‍, സുല്‍ത്താന്‍ ബത്തേരി സി.ഡി.എസുകളില്‍ വിതരണം ചെയ്ത ടിക്കറ്റുകളില്‍ 15 വീതം രണ്ടാം സമ്മാനങ്ങള്‍ വഴി 75,000 രൂപ വീതം ലഭിച്ചു. 5000 രൂപയാണ് രണ്ടാം സമ്മാനത്തുക. മീനങ്ങാടി സിഡി.എസ് എട്ടുപേര്‍ക്കും ഏറ്റവും കൂടുതല്‍ ടിക്കറ്റ് വില്‍പ്പന നടത്തിയ മുട്ടില്‍ സി.ഡി.എസില്‍ ആറ് ടിക്കറ്റുകള്‍ക്കും സമ്മാനം ലഭിച്ചു. മൂപ്പൈനാട് അഞ്ച്, തിരുനെല്ലി മൂന്ന്, തവിഞ്ഞാല്‍ രണ്ട്, പൂതാടി, വെള്ളമുണ്ട, നെന്മേനി എന്നിവിടങ്ങളില്‍ ഓരോ ടിക്കറ്റുകള്‍ക്കും സമ്മാനം ലഭിച്ചു. നവകേരള ലോട്ടറിയുടെ വില്‍പ്പന വിജയമാക്കിയ കുടുംബശ്രീ അംഗങ്ങളെ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത അഭിനന്ദിച്ചു. മികച്ച വില്‍പ്പന നടത്തിയ സി.ഡി.എസ്, അയല്‍ക്കൂട്ടം എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരവും നല്‍കും.