മേപ്പാടിയെ സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ മാതൃഭാഷ ആര്‍ജിത പഞ്ചായത്തായി മാറ്റുന്നതിനായി സമഗ്രശിക്ഷ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും ഗ്രാമപഞ്ചായത്തും കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 24 മുതല്‍ 31 വരെ പഞ്ചായത്തിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും പ്രത്യേക ഭാഷാപരിപോഷണ പരിശീലന പരിപാടി നടക്കും. സംസ്ഥാന തലത്തിലുള്ള റിസോഴ്സ് ടീം അംഗങ്ങളുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളുകളില്‍ എത്തിയാണ് കുട്ടികളെ പരിശീലിപ്പിക്കുക. സ്കൂളും ഗ്രാമപഞ്ചായത്തും പ്രാദേശിക സമൂഹവും ഇവര്‍ക്കൊപ്പമുണ്ടാവും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിച്ചാണ് പദ്ധതിക്കായി മേപ്പാടിയെ തിരഞ്ഞെടുത്തത്.
അടിസ്ഥാന ഭാഷാശേഷിയില്‍ പ്രയാസം നേരിടുന്ന കുട്ടികളെ പ്രീ ടെസ്റ്റിലൂടെയാണ് തിരിച്ചറിഞ്ഞത്. അടിസ്ഥാന ഭാഷാശേഷിയില്ലാത്തതിനാല് ഇവര്‍ക്ക് മറ്റ് വിഷയങ്ങളും പ്രയാസമേറിയതാണ്. അതുകൊണ്ടുതന്നെ വായനാശേഷിയും എഴുത്തുശേഷിയുമില്ലാത്ത കുട്ടികള്‍ എല്ലാ ക്ലാസിലും പഠനപ്രയാസം അനുഭവിക്കുന്നു. ഈ അവസ്ഥ മറികടക്കുകയാണ് പ്രത്യേക ഭാഷാപരിപോഷണ പരിപാടിയിലൂടെ. വായനയും എഴുത്തും മികവിലേക്ക് ഉയര്‍ത്തും. പഠനപ്രയാസം ഇല്ലാതാക്കി മികവിലേക്ക് മുന്നേറും. എസ്.എസ്.എല്‍.സി ഫലത്തില്‍ വലിയ മാറ്റം സൃഷ്ടിക്കാനും ഇതുവഴി കഴിയും. ആലപ്പുഴ ജില്ലയിലെ വിവിധ സ്കൂളുകളില്‍ മലയാളത്തിളക്കം എന്ന ഈ പദ്ധതി വിജയം കണ്ടതാണ്.
ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലെയും മൂന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ നിന്നും തിരഞ്ഞെടുത്തവരെ 20 പേരടങ്ങിയ ചെറുബാച്ചുകളായി തിരിച്ചാണ് പരിശീലനം നല്‍കുക. ആധുനിക ഹൈടെക് സംവിധാനങ്ങളുടെ സഹായത്തോടെയാവും ക്ലാസുകള്‍. അതാതു സ്കൂളുകളില്‍ തന്നെ ഇതിനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. പരിശീലനത്തിന്റെ മൂന്നാം ദിവസം രക്ഷിതാക്കള്‍ക്കുള്ള പ്രത്യേക ക്ലാസുകള്‍ നടക്കും. ഈ കുട്ടികളുടെ ഭാഷപരമായ പുരോഗതി ബോധ്യപ്പെടുത്തുന്ന രചനകളുടെ കൈയെഴുത്ത് മാസികയും ഇതിന്റെ ഭാഗമായി തയ്യാറാക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്കുന്ന സമ്മാനപുസ്തകങ്ങള്‍ ചേര്‍ത്ത് ക്ലാസ് ലൈബ്രറി ആരംഭിക്കും.
അവസാന ദിവസം ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, അദ്ധ്യാപകര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിജയോത്സവം സംഘടിപ്പിക്കും. ഈ പൈലറ്റ് പദ്ധതി വിലയിരുത്തി വയനാട്ടില്‍ വ്യാപിപ്പിക്കും. തുടര്‍ന്ന് സംസ്ഥാനത്താകെ നടപ്പാക്കാനാണ് ലക്ഷ്യം. 24ന് തുടങ്ങുന്ന പ്രത്യേക പരിശീലന പരിപാടിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത് സമഗ്രശിക്ഷ കേരളമാണ്. സമഗ്രശിക്ഷ കേരളം സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ടി.പി. കലാധരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ്, സ്റ്റേറ്റ് പ്രോഗ്രാം ഓഫിസര്‍ എ.കെ. സുരേഷ്, ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ ജി.എന്‍. ബാബുരാജ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. പ്രഭാകരന് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മറ്റ് ഭാഷകളിലും കുട്ടികളെ മികവിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ പഞ്ചായത്തില്‍ നടപ്പാക്കും.
