വിഷമുക്തമായ ഭക്ഷണത്തിലൂടെ മാത്രമേ നല്ല ഭാവി സ്വപ്നം കാണാനാവൂ എന്ന ആശയത്തിന്റെ പ്രചരണാര്‍ത്ഥം ബൃഹത്തായ പദ്ധതികള്‍ക്ക് കുടുംബശ്രീ രൂപം നല്‍കുന്നു. ഇതിന്റെ ഭാഗമായി ജൈവകൃഷി വ്യാപനത്തിനും ബോധവത്കരണത്തിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ വനിതാ തിയ്യറ്റര്‍ സംഘമായ രംഗശ്രീയുടെ ജൈവ സന്ദേശ യാത്ര ആരംഭിച്ചു. ഹരിതജീവനം എന്ന പേരില്‍ ആലത്തൂരില്‍ നിന്നും പര്യടനം തുടങ്ങിയ കഥാജാഥ ജില്ലയുടെ വിവിധയിടങ്ങളില്‍ നടക്കും. ആലത്തൂര്‍ കെ. ഡി. പ്രസേനന്‍ എം.എല്‍.എ ജൈവ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു.
ആരോഗ്യപൂര്‍ണമായ നാളെ യാഥാര്‍ഥ്യമാക്കാന്‍ കുടുംബശ്രീ കൃഷിയിടങ്ങളിലും തെരുവുകളിലും ഇടപെടുന്നതിന്റെ ഭാഗമായാണ് ജൈവ സന്ദേശ യാത്ര നടത്തുന്നത്. രാസവളങ്ങളും കീടനാശിനികളും ഇല്ലാത്ത പച്ചക്കറി ഉത്പാദനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ എല്ലാ കുടുംബശ്രീ സംഘകൃഷി യൂണിറ്റുകളും പൂര്‍ണമായും ജൈവ കൃഷിയിലേക്ക് ശാസ്ത്രീയമായിത്തന്നെ മാറാനുള്ള തയ്യാറെടുപ്പിലാണ്. ജൈവവളങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുക, വനിതാ കര്‍ഷകര്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ നേതൃത്വം നല്‍കും.
ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരന്‍ അധ്യക്ഷനായ പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം.എ.നാസര്‍, രജനി ബാബു, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സൈതലവി, എ.ഡി.എം.സി ഹാരിഫ ബീഗം, ജില്ലാ പ്രോഗ്രാം മാനേജര്‍ ആര്യ എന്നിവര്‍ സംസാരിച്ചു.
ആലത്തൂര്‍, കൊടുവായൂര്‍, നല്ലേപ്പിള്ളി, പെരുമാട്ടി, പെരുങ്ങോട്ടുകുറിശ്ശി, മലമ്പുഴ, മണ്ണാര്‍ക്കാട്, അട്ടപ്പാടി, ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം, പട്ടാമ്പി, കൂറ്റനാട് എന്നിവിടങ്ങളില്‍ ജൈവ സന്ദേശ യാത്ര നടത്തി.
