ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നവംബര്‍ ഒന്നിന് ഭാഷാ പ്രതിജ്ഞയെടുക്കണമെന്ന് നിര്‍ദ്ദേശിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരമാവധി മലയാളികളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ഭൂമി മലയാളം പദ്ധതിയുടെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രതിജ്ഞയെടുക്കുന്നത്.
ഭാഷാ പ്രതിജ്ഞ
ഭൂമി മുഴുവന്‍ പടര്‍ന്നുകിടക്കുന്ന ബൃഹത്തായ മലയാളി സമൂഹത്തിന്റെ ഭാഗമാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ലോക സംസ്‌കാരത്തിനും സാഹിത്യത്തിനും മലയാളവും മലയാളികളും ചെയ്ത സംഭാവനകള്‍ എന്നെ ആഹ്ലാദിപ്പിക്കുന്നു.  മലയാളിയുടെ മതാതീതമായ സൗഹൃദവും നവോത്ഥാനത്തിലൂടെ മലയാളികള്‍ കൈവരിച്ച ആധുനികമായ അവബോധവും എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.  മലയാളിയുടെ സമത്വഭാവനയെ ഞാന്‍ ആദരിക്കുന്നു.
എന്റെ ഭാഷ ഞാന്‍ ലോകത്തെ നോക്കിക്കാണുന്ന രീതിയാണ്.  എന്റെ ഓര്‍മ്മകളും അനുഭവവും ഭാവനയും രൂപപ്പെടുത്തുന്നതില്‍ അതിനു പ്രധാനമായ പങ്കുണ്ട്.  മലയാളം എന്റെ സ്വത്വത്തെ നിര്‍വചിക്കുന്ന ആദ്യഘടകമാണ്.  ഞാന്‍ ഈ രാജ്യത്തും ലോകത്തിലും ഒരു മലയാളി എന്ന നിലയില്‍ തന്നെ എന്നെ തിരിച്ചറിയുന്നു.
അനേകം മതങ്ങളും ലോകവീക്ഷണങ്ങളും സാമൂഹ്യ ജാഗ്രതാ പ്രസ്ഥാനങ്ങളും കലാ-സാഹിത്യ രൂപങ്ങളും സമൃദ്ധമാക്കിയതാണ് കേരളീയ സംസ്‌കൃതി.  അതിന്റെ അവകാശിയായത് എന്റെ സൗഭാഗ്യമാണ്.  എന്റെ ഭാഷയെയും സംസ്‌കാരത്തെയും നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.  ഭൂമിയുടെ ഏത് കോണില്‍ ജീവിച്ചാലും എന്റെ ഭാഷയെ ഞാന്‍ വിസ്മരിക്കുകയില്ല.  വരും തലമുറകളിലേക്കും ആ ഭാഷയും അതിലൂടെ ഞാന്‍ അവകാശമാക്കിയ സംസ്‌കാരവും പകരുവാന്‍ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.
”എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം”