കുട്ടനാടിന്റെ വികസനത്തിനായി സർക്കാർ ആവിഷ്കരിച്ച പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കുട്ടനാട് ടൗൺഷിപ്പായി മാറുമെന്ന് ഫിഷറീസ് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.
ചമ്പക്കുളം ഗ്രാമപഞ്ചായത്തിൻ്റെ പുതിയ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമപഞ്ചായത്തിൻ്റെ പുതിയ ഓഫീസ് മന്ദിരം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

കുട്ടനാടിന്റെ സമഗ്ര വികസനത്തിനും സമ്പൂർണ്ണ കുടിവെള്ള പദ്ധതിക്കുമായി 500 കോടി രൂപയാണ് വിവിധ വകുപ്പുകൾ മുഖാന്തിരം ബജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ചത്. പിണറായി സർക്കാരിന്റെ ഏഴു വർഷക്കാലത്തെ ഭരണം എടുത്തു നോക്കുമ്പോൾ സംസ്ഥാന റോഡുകൾ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ പ്രകടമായി മാറ്റങ്ങളാണ്. 25 വർഷങ്ങൾക്ക് മുൻപ് ടാർ ചെയ്തതോ കോൺക്രീറ്റ് ചെയ്തതോ ആയ ഒരു ഗ്രാമീണ റോഡ് പോലും ഉണ്ടായിരുന്നില്ല. ഇന്ന് ആ സ്ഥിതി മാറിയെന്നും എല്ലായിടത്തും വികസനമുന്നേറ്റമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും ഒരു കോടി 20 ലക്ഷം രൂപ ചിലവഴിച്ച് ആധുനിക സൗകര്യങ്ങളോടെയാണ് പഞ്ചായത്തിന്റെ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
ചടങ്ങിൽ കുട്ടനാട് എം.എൽ.എ. തോമസ് കെ തോമസ് അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം. പി., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, വൈസ് പ്രസിഡൻ്റ് എം.എസ്. ശ്രീകാന്ത്, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ടി.ജി. ജലജകുമാരി, എം.സി. പ്രസാദ്, മിനി മന്മഥൻ നായർ, പഞ്ചായത്ത് സെക്രട്ടറി പി.കെ. അനിൽകുമാർ മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.