പ്രഗതിമൈതാനിയിൽ നടന്ന 37-ാമതു ഭാരത അന്താരാഷ്ട്ര വ്യാപാരമേളയിൽ വെള്ളിത്തിളക്കവുമായി കേരളം. സംസ്ഥാന സർക്കാരുകളുടെ പവിലിയൻ വിഭാഗത്തിൽ മികച്ച രണ്ടാമത്തെ പവിലിയനുള്ള വെള്ളി മെഡൽ കേരളത്തിനു ലഭിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് സഹമന്ത്രി സി.ആർ. ചൗധരിയിൽനിന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ പി. വിനോദ് പുരസ്‌കാരം ഏറ്റുവാങ്ങി. അസമിനാണു മികച്ച പവിലിയനുള്ള സ്വർണ മെഡൽ.
സ്റ്റാർട്ട്അപ്പ് ഇന്ത്യ – സ്റ്റാൻഡ്അപ്പ് ഇന്ത്യ എന്ന ആശയത്തിൽ നടത്തിയ മേളയിൽ ‘സ്റ്റാർട്ട്അപ്പ് കേരള’ എന്ന ആശയത്തിലാണു കേരള പവിലിയൻ രൂപകൽപ്പന ചെയ്തത്. ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ വിജയവഴിയിലെ പുത്തൻ അധ്യായമാണ് ഇത്തവണത്തെ വെള്ളി നേട്ടം. ഇതുവരെ എട്ടു തവണ സ്വർണവും നാലു വെള്ളിയും ഒരു വെങ്കലവും കേരളത്തിനു ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ സ്റ്റാർട്ട്അപ്പ് വളർച്ചയുടെ നേർചിത്രമായിരുന്നു കേരള പവിലിയൻ. വൈവിധ്യംകൊണ്ടും ആശയ സമ്പത്തുകൊണ്ടും ഒന്നിനൊന്നു മികച്ചവയായിരുന്നു എല്ലാ സ്റ്റാളും. കേരളത്തിന്റെ തനതു വിഭവങ്ങളുമായെത്തിയ വാണിജ്യ സ്റ്റാളുകളും വ്യാപാര മേളയുടെ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്നു. കേരള സ്റ്റാർട്ട്അപ്പ് മിഷൻ, വ്യവസായ വകുപ്പ്, കേരള പൊലീസ്, പഞ്ചായത്ത് വകുപ്പ്, ടെക്നോപാർക്ക്, ഹാൻഡ്ലൂം ഡയറക്ടറേറ്റ്, കുടുംബശ്രീ, ടൂറിസം വകുപ്പ്, ഫാം ഇൻഫർമേഷൻ ബ്യൂറോ എന്നിവരാണു തീം സ്റ്റാളുകൾ അവതരിപ്പിച്ചത്.
ഫിഷറീസ് സാഫ്, ഹാന്റെക്സ്, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്, കേരള സ്റ്റേറ്റ് ബാംബൂ മിഷൻ, ഫോറസ്റ്റ് ആൻഡ് വനശ്രീ, മാർക്കറ്റ്ഫെഡ്, കൈരളി, പട്ടികവർഗ വികസന വകുപ്പ്, പഞ്ചായത്ത് വകുപ്പ് എന്നിവരുടെ വാണിജ്യ സ്റ്റാളുകൾ മേളയ്ക്കെത്തിയവരുടെ മുഖ്യ ആകർഷണമായി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ കേരള പവിലിയൻ രൂപകൽപ്പന ചെയ്തതു പ്രമുഖ ശിൽപ്പി ജിനനാണ്.

കേരള പവിലിയനിലെ മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം പൊലീസിനും കുടുംബശ്രീയ്ക്കും

ന്യൂഡൽഹി : കേരള പവിലിയനിലെ മികച്ച തീം സ്റ്റാളിനുള്ള പുരസ്‌കാരം കേരള പൊലീസിന്. വാണിജ്യ വിഭാഗത്തിൽ കുടുംബശ്രീ ഒന്നാം സ്ഥാനം നേടി. കൊച്ചി കിൻഫ്ര ഹൈ-ടെക് പാർക്കിലെ അഗ്രിമ ഇൻഫോടെക്കിനെ മികച്ച സ്റ്റാർട്ട്അപ്പായി തെരഞ്ഞെടുത്തു. വിജയികൾക്ക് ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ പി. വിനോദ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
സ്റ്റാർട്ട്അപ്പ് ഇന്ത്യ – സ്റ്റാൻഡ്അപ്പ് ഇന്ത്യ എന്ന ആശയത്തിൽ മികച്ച സ്റ്റാൾ ഒരുക്കിയതിനാണു കേരള പൊലീസിനു പുരസ്‌കാരം ലഭിച്ചത്. വ്യവസായ വകുപ്പിനാണ് മികച്ച തീം എക്സിബിറ്റർക്കുള്ള രണ്ടാമത്തെ പുരസ്‌കാരം.
ആറു ലക്ഷത്തിലധികം വിഭവങ്ങളുടെ പാചകരീതികളുമായി രുചിയുടെ കലവറയൊരുക്കുന്ന റെസിപ്പി ബുക്ക് എന്ന ആപ്പ് അവതരിപ്പിച്ചതിനാണ് അരുണിമ ഇൻഫോടെക്കിനെ മികച്ച സ്റ്റാർട്ട്അപ്പായി തെരഞ്ഞെടുത്തത്. ഹൃദയാരോഗ്യ സംരക്ഷണ രംഗത്ത് വഴിത്തിരിവായേക്കാവുന്ന ബയോകാൽക്കുലസ് എന്ന ഉപകരണം പരിചയപ്പെടുത്തിയ കൊല്ലത്തെ വാഫർചിപ്സ്, തിരക്കേറിയ റോഡുകളിൽ ആംബുലൻസിന്റെ യാത്ര തടസപ്പെടാതിരിക്കാനുള്ള സിഗ്‌നലിങ് സംവിധാനം അവതരിപ്പിച്ച കാക്കനാട് രാജഗിരിവാലിയിലെ ട്രാഫിറ്റൈസർ എന്നിവയ്ക്കാണു മികച്ച സ്റ്റാർട്ട്അപ്പിനുള്ള രണ്ടാമത്തെ പുരസ്‌കാരം. വ്യാണിജ്യ വിഭാഗത്തിൽ മികച്ച സ്റ്റാളിനുള്ള രണ്ടാമത്തെ പുരസ്‌കാരം ഫിഷറീസ് സാഫ്, മാർക്കറ്റ്ഫെഡ് എന്നിവർ പങ്കിട്ടു.
കൂട്ടായ്മയുടെ വിജയമാണ് ഇത്തവണത്തെ വ്യാപാരമേളയിൽ കേരളത്തിനു മികച്ച നേട്ടമുണ്ടാക്കിയതെന്നു പുരസ്‌കാരദാന ചടങ്ങിൽ അഡീഷണൽ ഡയറക്ടർ പി. വിനോദ് പറഞ്ഞു. ഒരു കുടുംബമായി പ്രയത്നിച്ചതിന്റെ നേട്ടമാണിത്. വരും വർഷങ്ങളിലും ഇതേ കൂട്ടായ്മയും പരിശ്രമവും വഴി വിജയപഥങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പവിലിയൻ രൂപകൽപ്പന ചെയ്ത സി.ബി. ജിനൻ, കേരള പവിലിയനിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതിനു ഗൗരവ് മഖീജ എന്നിവർക്കു ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി.
പവിലിയൻ നോഡൽ ഓഫിസറും ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായ എ.എസ്. സന്തോഷ് കുമാർ, ന്യൂഡൽഹി ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി. വേണുഗോപാൽ, കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർ ടി.എ. ഷൈൻ, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.