എറണാകുളം-അമ്പലപ്പുഴ റെയില്‍പ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത സ്ഥലങ്ങളുടെ നഷ്ടപരിഹാര തുക കൈമാറല്‍ ആരംഭിച്ചു. കുമ്പളം വില്ലേജ് പൊക്കാളിത്തറപറമ്പില്‍ പി. എസ് സിബിക്ക് ഉത്തരവ് കൈമാറിക്കൊണ്ട് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നഷ്ട്ട പരിഹാരതുക കൈമാറലിന് തുടക്കം കുറിച്ചു. കുമ്പളം വില്ലേജിലെ അഞ്ചുപേരുടെ ഭൂമിയാണ് തിങ്കളാഴ്ച തന്നെ ഏറ്റെടുത്ത് റെയില്‍വേയ്ക്ക് കൈമാറുന്നത്.

എറണാകുളം- അമ്പലപ്പുഴ റെയില്‍പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ കുമ്പളം, മരട്, ഏളംകുളം, എറണാകുളം വില്ലേജുകളിലായി 280 പേരുടെ ഭൂമിയാണ് ഏറ്റെടുക്കാന്‍ ഉള്ളത്. വരും ദിവസങ്ങളില്‍ ശേഷിക്കുന്നവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറും. ഈ മാസം തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി എല്ലാവര്‍ക്കും നഷ്ട പരിഹാരത്തുക കൈമാറും.

കളക്ടറുടെ ചേംമ്പറില്‍ നടന്ന ചടങ്ങില്‍ സതേണ്‍ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിങ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഷാബിന്‍ ആസഫ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡി. പത്മജന്‍, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ തോമസ് ജോസ് , ലാന്‍ഡ് അക്യുസിഷന്‍ അസോസിയേറ്റ് കെ. എസ് പരീത്, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ബോബി റോസ്, റവന്യൂ ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍, പൊന്നുംവില വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ജി.വി ജ്യോതി തുടങ്ങിയവര്‍ പങ്കെടുത്തു.