പത്തനംതിട്ട: പകര്‍ച്ചേതര രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി മല്ലപ്പള്ളി പഞ്ചായത്ത്, താലൂക്ക് ആശുപത്രി, നാഷണല്‍ ഹെല്‍ത്ത് വിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് റെജി സാമുവല്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് കായിക ബോധവല്‍ക്കരണം നല്‍കുന്നതിന്റെ ഭാഗമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. സിഎംഎസ് ഐകെഎം എല്‍പി സ്‌കൂളില്‍ നടത്തിയ മത്സരത്തില്‍ ഐകെഎം ക്ലബ്ബ് ഒന്നാം സ്ഥാനവും മഠത്തുംഭാഗം ഷട്ടില്‍ ക്ലബ്ബ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കുഞ്ഞുകോശി പോള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മാത്യൂസ് വര്‍ഗീസ് മാരേട്ട്, വി.എം ബിജു, പി.ടി നിഷ തുടങ്ങിയവര്‍ പങ്കെടുത്തു.