*ഫോക്കസ് പോയിന്റ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
വിവിധ വിഷയങ്ങളിലെ തുടർ പഠന സാധ്യതകൾ വിദ്യാർത്ഥികൾ മനസ്സിലാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പത്താം ക്ലാസ് പരീക്ഷയിൽ തുടർ പഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികളുടെ തുടർപഠന സാദ്ധ്യതകൾ മനസ്സിലാക്കുന്നതിനുള്ള ഫോക്കസ് പോയിന്റ് കരിയർ ഗൈഡൻസ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് സ്ട്രീമുകളിലായി (സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റിസ്) 46 കോമ്പിനേഷനുള്ള ഹയർ സെക്കന്ററി വിഭാഗം, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം, ടെക്‌നിക്കൽ ഹയർ സെക്കന്ററി, ഡിപ്ലോമ കോഴ്‌സുകൾ, പോളിടെക്‌നിക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളി’ലെ ഹ്രസ്വവും, ദീർഘവുമായ തുടർ പഠന സാധ്യതകൾ കുട്ടികളെ പരിചയപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
46 കോമ്പിനേഷനുകളുള്ള ഹയർ സെക്കന്ററി കോഴ്‌സുകളിലൂടെ എത്തിച്ചേരുന്ന 25000- ത്തോളം ഉന്നത പഠന കോഴ്‌സുകൾ ഇന്ന് രാജ്യത്ത് ലഭ്യമാണ്. അതുകൊണ്ട് തന്നെ ഓരോ സ്ട്രീമുകളിലെയും ഓരോ കോമ്പിനേഷനുകളും കുട്ടികൾ അടുത്തറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഹയർ സെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ സമീപ പ്രദേശത്തെ ഹയർ സെക്കന്ററി സ്‌കൂളുകളിൽ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. വാർഡ് കൗൺസിലർ ജോൺസൺ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് സ്വാഗതമാശംസിച്ചു. സുധ കെ, ഡോ. അസിം സി എം, ആർ സുരേഷ് കുമാർ, നെൽസൺ പി എന്നിവർ പങ്കെടുത്തു.