ലോക കേരള സഭ മലയാളിയുടെ ആത്മവിശ്വാസം വർധിപ്പിച്ചുവെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. നാലാമത് ലോക കേരള സഭയുടെ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

          ലോക മലയാളിയുടെ മാത്രമല്ല ജനപ്രതിനിധികളുടെ ഉൾപ്പെടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ലോക കേരള സഭയ്ക്ക് കഴിഞ്ഞു. ലോക കേരള സഭ എപ്പോഴൊക്കെ നടന്നിട്ടുണ്ടോ അപ്പോഴൊക്കെ വിമർശനം ഉണ്ടായിട്ടുണ്ട്. ആർക്കുവേണ്ടിയാണ് ഈ വിമർശനങ്ങൾ എന്നു മാധ്യമങ്ങൾ ഇനിയെങ്കിലും ചിന്തിക്കണം. ഇന്നു കേരളം ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുന്നു എന്നതാണു സത്യം. കേരള നിയമസഭ കൊണ്ടുവന്ന സബ്ജക്ട് കമ്മിറ്റി ആശയം പിന്നീട് പാർലമെന്റിലും കൊണ്ടുവന്നു. കേരള മോഡൽ നിയമനിർമാണത്തിലും ഉണ്ട് എന്നതിന്റെ ഉദാഹരണമാണിത്.

          നോർക്കയുടെയും ലോക കേരള സഭയുടെയും മുന്നിലുണ്ടായ വലിയ വെല്ലുവിളികളിൽ ഒന്ന് ഉക്രൈൻ യുദ്ധമായിരുന്നു. യുദ്ധത്തെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ നന്നായി പരിഹരിക്കാൻ കഴിഞ്ഞു. കുവൈറ്റിലെ തീപിടുത്ത ദുരന്തത്തിലും ഇടപെടാൻ നോർക്കയ്ക്ക് സാധിച്ചു. 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഈ ലോക കേരള സഭയിൽ പങ്കെടുത്തത്. അഞ്ചാമത് ലോക കേരള സഭയിൽ എത്തുമ്പോൾ 193 രാജ്യങ്ങളിലെ പങ്കാളിത്തം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ലോക കേരള സഭയിൽ ഉരുത്തിരിയുന്ന ആശയങ്ങൾ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്നും ഇവ നടപ്പിലാക്കാനുള്ള ആത്മാർത്ഥമായ പരിശ്രമം ഉണ്ടാകുമെന്നും സ്പീക്കർ പറഞ്ഞു.

          ലോക കേരളസഭയുടെ ഭാഗമായി തെരഞ്ഞെടുത്ത 15 അംഗ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളെയും സ്പീക്കർ പരിചയപ്പെടുത്തി. ജെ.കെ. മേനോൻ, ബാബു സ്റ്റീഫൻ, ഒ.വി. മുസ്തഫ, കെ.പി. മുഹമ്മദ് കുട്ടി, പ്രശാന്ത് മണിക്കുട്ടൻ, കെ.ടി.എ. മുനീർ, കുര്യൻ ജേക്കബ്, വിദ്യാ അഭിലാഷ്, റെജിൽ പൂക്കോട്, പ്രസാദ് എ.കെ, കെ.വി. അബ്ദുൽ ഖാദർ, അനുപമ വെങ്കിടേഷ്, ഹനീഫ അലിയാർ, ഗിരി കൃഷ്ണ, പി.എം. ജാബിർ എന്നിവരാണ് അംഗങ്ങൾ.