വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഡിജിറ്റലാകും
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കീഴിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ‘ഡിജിറ്റലൈസേഷന്‍ ഓഫ് ടൂറിസം ഡെസ്റ്റിനേഷന്‍സ്’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതി ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വൈഫൈ കോണ്‍ക്ലേവിന്റെ ഭാഗമായി കാനറാ ബാങ്ക് സി.എസ്.ആര്‍ ഫണ്ട് തുക വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പരിപാടിയില്‍ അത്യാധുനിക സംവിധാനങ്ങടോട് കൂടിയ കമ്പ്യൂട്ടറുകള്‍, മറ്റ് അനുബന്ധ സാമഗ്രികള്‍ കാനറാ ബാങ്ക് റീജണല്‍ മാനേജര്‍ ലതാ പി. കുറുപ്പ് ഡി.ടി.പി.സി അധികൃതര്‍ക്ക് കൈമാറി. ഡി.ടി.പി.സിയുടെ കീഴിലുള്ള എല്ലാ ടൂറിസം കേന്ദ്രങ്ങളിലും പുതിയ കമ്പ്യൂട്ടറുകള്‍ ലഭ്യമാവുന്നതോടെ സഞ്ചാരികള്‍ക്ക് സമയബന്ധിതമായി സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് ടൂരിസം വകുപ്പ് അധികൃതര്‍ അറിയിച്ചു.
ജില്ലയില്‍ ഡി.ടി.പി.സിയുടെ കീഴിലുള്ള 12 കേന്ദ്രങ്ങളും ജില്ലാ ഓഫീസും പൂര്‍ണ്ണമായും ഡിജിറ്റലാകും. ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് പി.ആര്‍ രത്നേഷ് അധ്യക്ഷനായ പരിപാടിയില്‍ അസിസ്റ്റന്റ് കളക്ടര്‍ എസ് ഗൗതംരാജ്, എ.ഡി.എം. കെ. ദേവകി, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ ആര്‍.സാബു, ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി പ്രഭാത,് ഡി.ടി.പി.സി മാനേജര്‍ പി.പി പ്രവീണ്‍, ഡി.ടിപി.സി സെക്രട്ടറി കെ.ജി അജേഷ് എന്നിവര്‍ സംസാരിച്ചു.