സ്‌പോര്‍ട്‌സ് കേരള ട്രിവാന്‍ഡ്രം മാരത്തണ്‍ എന്ന പേരില്‍ എല്ലാ വര്‍ഷവും മാരത്തണ്‍ മത്സരം നടത്താന്‍ സംസ്ഥാന കായിക വകുപ്പ് തീരുമാനിച്ചു. ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കാന്‍ സ്‌പോര്‍ട്‌സിനെ ഉപയോഗപ്പെടുത്തുന്നതിനാണ് മാരത്തണ്‍ മത്സരം ലക്ഷ്യമിടുന്നത്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ധനശേഖരണത്തിനുള്ള ഒരു മാര്‍ഗ്ഗമായും ഇത് ഉപയോഗിക്കും.
ഡിസംബര്‍ ഒന്നിനാണ് ട്രിവാന്‍ഡ്രം മാരത്തണ്‍ സംഘടിപ്പിക്കുക. വാര്‍ഷിക കായിക കലണ്ടറിലെ ഒരു പ്രധാന ഇനമാക്കി ഇതിനെ മാറ്റും. നാല് ഇനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തുന്ന തരത്തില്‍ ഫാമിലി ഫണ്‍ റണ്‍ ആദ്യം നടക്കും. ഇത് മത്സര ഇനമല്ല. ഫാമിലി ഫണ്‍ റണ്‍ രാത്രി 8ന് ഫ്‌ളാഗ് ഓഫ് ചെയ്യും. പതിനായിരം പേര്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. മാരത്തണ്‍ മത്സരം മൂന്ന് ദൂര വിഭാഗങ്ങളിലായി നടത്തും. 10 കിലോമീറ്റര്‍ റോഡ് റേയ്‌സ്, 21.09 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 42.19 കിലോമീറ്റര്‍ ഫുള്‍ മാരത്തണ്‍ എന്നിങ്ങനെയാണ് മത്സരങ്ങള്‍. രാത്രി 12ന് മാനവീയം റോഡില്‍ നിന്നാരംഭിച്ച് മാനവീയം റോഡില്‍ സമാപിക്കുന്ന തരത്തിലാണ് മത്സരങ്ങള്‍ ക്രമീകരിക്കുക. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും.
റണ്‍ ഫോര്‍ റീ ബില്‍ഡ് കേരള എന്നതാണ് 2018ലെ മാരത്തണിന്റെ മുദ്രാവാക്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണത്തിനാണ് രജിസ്‌ട്രേഷന്‍ ഫീസ് ഉപയോഗിക്കുക. കേരള പുനര്‍നിര്‍മ്മാണത്തിനായി കായിക വകുപ്പ് മറ്റു സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. മാരത്തണ്‍ നടത്തിപ്പില്‍ കായിക വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ട്രിവാന്‍ഡ്രം റണ്ണേഴ്‌സ് ക്ലബ് എന്ന സംഘടനയെ തെരഞ്ഞെടുത്തിട്ടുണ്ട്.
ഫാമിലി ഫണ്‍ റണ്‍ 500 രൂപ, 10 കിലോമീറ്റര്‍ റണ്‍ 600 രൂപ, 9 കിലോമീറ്റര്‍ 800 രൂപ, 19 കിലോമീറ്റര്‍ 1000 രൂപ എന്നിങ്ങനെയാണ് രജിസ്‌ട്രേഷന്‍ നിരക്ക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓരോ ഇനത്തിനും നിശ്ചയിച്ചിരിക്കുന്ന തുകയോ അതില്‍ കൂടുതലോ അടയ്ക്കാം. 2018 ആഗസ്റ്റ് 15ന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക അടച്ചിട്ടുണ്ടെങ്കില്‍ അതിന്റെ രസീത് ഹാജരാക്കിയാല്‍ മതിയാകും.
രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളറിയാന്‍ trivandrummar athon.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: +919745911164.