ശബരിമല: മുന്‍ ദേവസ്വംബോര്‍ഡിന് എതിരെയുള്ള ആക്ഷേപങ്ങള്‍ അന്വേഷിക്കുന്നതിന് ദേവസ്വം വിജിലന്‍സിനെ ചുമതലപ്പെടുത്തിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡാന്റ് എ. പത്മകുമാറും ബോര്‍ഡംഗം കെ രാഘവനും അറിയിച്ചു. ഈമാസം 30നകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പ്രാഥമിക പരിശോധനയില്‍ ആക്ഷേപങ്ങളില്‍ കഴമ്പുള്ളതായി കണ്ടാല്‍ തുടരന്വേഷണത്തിനായി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അവര്‍ അറിയിച്ചു.
ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. ബോര്‍ഡിന്റെ തിരുവനന്തപുരം ആസ്ഥാനത്തിരുന്ന് വിവിധ ക്ഷേത്രങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ മനസിലാക്കുന്നതിനാണ് സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്. ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാന ചോര്‍ച്ച തടയാന്‍ ക്യാമറാ നിരീക്ഷണം സഹായിക്കും. ശബരിമലയിലെ ദിവസ വേതനക്കാരുടെ വേതനത്തില്‍ 50രൂപയുടെ വര്‍ധനവ് വരുത്തും. സന്നിധാനത്ത് സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുള്ള സ്ഥിരം ജീവനക്കാരുടെ ഇന്‍സന്റീവും ഉയര്‍ത്തും. മാധ്യമപ്രവര്‍ത്തകര്‍ മുന്‍ കൈയെടുത്ത് അഴിമതി ആരോപണങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരുന്നത് ഏറെ ശ്ലാഘനീയമാണെന്നും പ്രസിഡന്റ് പറഞ്ഞു.