കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) സ്വതന്ത്രസോഫ്റ്റ്‌വെയർ അധിഷ്ഠിത മെഷീൻ ലേണിംഗ് ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജൂലൈ 22 മുതൽ ആഗസ്റ്റ് 09 വരെ നീണ്ടുനിൽക്കുന്ന 30 മണിക്കൂർ ദൈർഘ്യമുള്ള പ്രോഗ്രാം ആണ് രുപകൽപന ചെയ്തിരിക്കുന്നത്. അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രൊഫഷണൽസിനും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ മൂഡിൽ സൗകര്യം ഉപയോഗിച്ചാണ് കോഴ്‌സ് ആവിഷ്‌കരിച്ചിരിക്കുന്നത്.
ദിവസം 2 മണിക്കുർ വീതമായിരിക്കും ക്ലാസ്. വൈകുന്നേരം 6 മുതൽ 8 വരെയായിരിക്കും പരിശീലനം നടക്കുക. ഇൻഡസ്ട്രിയിൽ ഫലപ്രദമായി പ്രയോഗിക്കാൻ പ്രാപ്തമായ രീതിയിലാണ് കോഴ്‌സുകളുടെ പാഠ്യക്രമം തയ്യാറാക്കിയിരിക്കുന്നത്. പരിശീലനത്തിന് ശേഷം ഓൺലൈൻ പരീക്ഷയും പ്രോജക്ട് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. എഞ്ചിനീയറിംഗ് ടെക്‌നോളജി, സയന്റിഫിക് റിസർച്ച് എന്നീ മേഖലകളിൽ സർഗ്ഗാത്മകതയും പ്രശ്‌നപരിഹാര കഴിവുകളും വളർത്തിയെടുക്കാൻ സഹായിക്കുന്ന രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്.
മറ്റുള്ള ഓൺലൈൻ ക്ലാസ്സുകളിൽ നിന്ന് വ്യത്യസ്തമായി, തത്സമയ വിനിമയത്തിലൂടെയാണ് ക്ലാസ്സുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥികൾ ഉന്നയിക്കുന്ന സംശയങ്ങൾക്ക് മറുപടി നൽകാൻ വിദഗ്ദ്ധരായ പരിശീലകരുടെ സേവനം എല്ലാ സമയത്തും ലഭ്യമായിരിക്കും. പ്രത്യേകം വൈദഗ്ദ്ധ്യം ലഭിച്ച പരിശീലകരുടെ മേൽനോട്ടത്തിലാണ് പ്രോജക്ടുകൾ തയ്യാറാക്കി സമർപ്പിക്കേണ്ടത്.
പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാണ് മുൻഗണന. 2024 ജൂലൈ 17 വരെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും https://icfoss.in/event-details/190 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ രാവിലെ 10 മണി മുതൽ വൈകുന്നരം 5 മണിവരെ +91 7356610110 | +91 471 2413012 / 13 / 14 | +91 9400225962 | എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.