വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തി. ജൂലൈ 11 രാവിലെ 10.30 ഓടെ ചൈനയിൽ നിന്നുള്ള സാൻഫെർണാണ്ടോ കപ്പലാണ് കണ്ടെയ്‌നറുകളുമായി തീരത്തടുത്തത്. തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽ എത്തിയ കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി തുറമുഖത്ത് എത്തിച്ചു.
തുറമുഖ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, എം വിൻസന്റ് എംഎൽഎ, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, വിസിൽ എം ഡി ദിവ്യ എസ് അയ്യർ, അദാനി പോർട്‌സ് സ്‌പെഷ്യൽ ഇക്കോണമിക് സോൺ സി ഇ ഒ അശ്വനി ഗുപ്ത, അദാനി പോർട്‌സ് സി ഇ ഒ പ്രണവ് ചൗധരി, വിഴിഞ്ഞം പോർട്ട് സി ഇ ഒ പ്രദീപ് ജയരാമൻ എന്നിവർ ചേർന്ന് കപ്പലിനെ സ്വീകരിച്ചു.
ഡാനിഷ് കണ്ടെയ്‌നർ ഷിപ്പ് കമ്പനി മെർസ്‌ക് ലൈനിന്റെ ‘സാൻ ഫെർണാണ്ടോ’ ചൈനയിലെ ഷിയാമൻ തുറമുഖത്ത് നിന്നാണ് വിഴിഞ്ഞത്ത് എത്തിയത്. രണ്ടായിരത്തോളം കണ്ടെയ്‌നറുകൾ കപ്പലിൽ നിന്ന് ഇറക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.