കെ എസ് ഇ ബി ലിമിറ്റഡിലെ പ്രോജക്റ്റ്സ് വിഭാഗം പുന:സംഘടിപ്പിച്ചു. ചീഫ് എൻജിനീയർ (റീസ്) എന്ന പദവിയുടെ പേര് മാറ്റി ചീഫ് എൻജിനീയർ (പ്രോജക്ട്സ്) എന്നാക്കാനും ഈ ഉദ്യോഗസ്ഥന്റെ കീഴിൽ ഹൈഡൽ, വിൻഡ്, പമ്പ്ഡ് സ്റ്റോറേജ്, സോളാർ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി (വെർട്ടിക്കലുകൾ) പ്രോജക്ട് നടത്തിപ്പിനും അതുപോലെ ഫീൽഡിലുള്ള പ്രോജക്ട് എക്സിക്യൂഷനുമായി രണ്ട് ഉപവിഭാഗങ്ങൾ ആരംഭിക്കാനും തീരുമാനിച്ചു. ഈ ഉപവിഭാഗങ്ങളിൽ സിവിൽ, ഇലക്ട്രിക്കൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ, ചീഫ് എൻജിനീയറുടെ (പ്രോജക്റ്റ്സ്) കീഴിൽ പ്രവർത്തിക്കും.
ചീഫ് എൻജിനീയർ (സിവിൽ) തസ്തികയിൽ പ്രമോഷനായി ഉദ്യോഗസ്ഥർ വരുന്ന മുറയ്ക്ക് എക്സിക്യൂഷൻ വിഭാഗം ചീഫ് എൻജിനീയറി (സിവിൽ) ലേക്ക് പൂർണ്ണമായും മാറ്റും. ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് കീഴിലുള്ള എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ വിഭാഗങ്ങളിൽ പ്രോജക്ട് രംഗത്ത് ഫീൽഡിൽ പോയി ജോലി ചെയ്യാൻ താല്പര്യം ഉള്ള എൻജിനീയർമാർക്ക് ഓപ്ഷൻ നൽകും. ഇവർക്ക് വിദഗ്ധ പരിശീലനവും ഉറപ്പാക്കും. ഹൈഡൽ, പമ്പ്ഡ് സ്റ്റോറേജ്, സോളാർ, വിൻഡ്, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം തുടങ്ങിയ മേഖലകളിൽ നിരന്തരമായി പരിശീലനം നൽകി സ്ഥിരമായി പ്രോജക്ട് രൂപകൽപ്പന ചെയ്യാനും അവ നടപ്പാക്കാനും ആവശ്യമായ ഉന്നത മികവുള്ള മനുഷ്യവിഭവശേഷി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുനസംഘടന നടത്തിയിരിക്കുന്നത്.