വയനാട് ഉരുൾപൊട്ടൽ ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലാതല കൺട്രോൾ റൂം പുലർച്ചെ തന്നെ തുറന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ സേവനം ലഭ്യമാവാൻ 8086010833, 9656938689 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വൈത്തിരി, കൽപ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികൾ ഉൾപ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. രാത്രി തന്നെ എല്ലാ ആരോഗ്യ പ്രവർത്തകരും സേവനത്തിനായി എത്തിയിരുന്നു. കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സംഘത്തെ വയനാട്ടിൽ വിന്യസിക്കും.

വയനാട് ഉരുൾപൊട്ടൽ: ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കൺട്രോൾ റൂമുകൾ

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ജീവൻ ബാബുവിന്റെ നേതൃത്വത്തിൽ പ്രാദേശികമായി ഏകോപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, അഡീഷണൽ ഡയറക്ടർ ഡോ. റീത്ത, എൻ.എച്ച്.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ബിജോയ് തുടങ്ങിയവരും സംസ്ഥാനതല സംഘത്തിലുണ്ടാകും.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ കൺട്രോൾ റൂം: 8075401745. സ്റ്റേറ്റ് കൺട്രോൾ റൂം: 9995220557, 9037277026, 9447732827.