ദുരന്തമുഖങ്ങളിൽ കേരളം കാണിക്കുന്ന ഐക്യം നരനും നരനും തമ്മിൽ സാഹോദര്യം ഉണ്ടാകണമെന്ന ഗുരുദേവ ദർശനത്തിൽ നിന്ന് ഉണ്ടായതാണ്, അനുകമ്പ എന്ന ഗുരുദേവ ദർശനമാണ് കേരള സമൂഹത്തിലാകെ ഇഴചേർന്നുകിടക്കുന്നത് ആ ദാർശനിക ദീപ്തിയാണ് ദുരന്തങ്ങളിലടക്കം സഹജീവി സ്‌നേഹമായി തുടിച്ചു നിൽക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

ശ്രീനാരായണഗുരുവിന്റെ സഹജീവി സ്‌നേഹദർശനം കേരളസമൂഹത്തിൽ എക്കാലവും ശക്തമായി നിലകൊണ്ടതുകൊണ്ടാണ് ദുരന്തകാലങ്ങളിൽ കേരളം കാണിക്കുന്ന ഐക്യത്തിന്റെയും  സഹകരണത്തിന്റെയും അടിത്തറ. 170-ാമത് ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരു ആലുവയിൽ സംഘടിപ്പിച്ച  സർവമത സമ്മേളനത്തിന്റെയും  വൈക്കം സത്യാഗ്രഹത്തിന്റെയും ശതാബ്ദിയും കുമാരനാശാന്റെ വേർപാടിന്റെ 100-ാം വർഷവുമാണിത്. ഈ സവിശേഷ വർഷത്തിൽ  ഗുരുദേവ സന്ദേശം നാടാകെ വ്യാപിപ്പിക്കുന്നതിന് ശിവഗിരിതന്നെ നേതൃത്വം കൊടുക്കണം. നാടും സർക്കാരും അതിനോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

മനുഷ്യത്വം തീരെ അസ്തമിച്ച എല്ലാം മനുഷ്യത്വവിരുദ്ധമായ ഒരു ചരിത്രഘട്ടത്തിൽ ഉയർന്നുവന്ന മാനവികതയുടെ വിസ്മയ പ്രതിഭാസമാണ് ശ്രീനാരായണഗുരു. സമൂഹത്തെയും ജീവിതത്തെയും മനുഷ്യവൽക്കരിക്കുകയാണ് ഗുരു ചെയ്തത്. ആ പ്രക്രിയയിലാണ് കേരളം മനുഷ്യർക്ക് ജീവിക്കാൻ കൊള്ളാവുന്ന ഇടമായി മാറിയത് എന്നും അദ്ദേഹം പറഞ്ഞു.

വിജ്ഞാന സമ്പദ്‌വ്യവസ്ഥ മുതൽ അതിദാരിദ്യ്രനിർമാർജനം വരെയുള്ള സർക്കാരിന്റെ  പദ്ധതികൾ ഗുരുചിന്തകളുടെ സത്തകൾ ഉൾക്കൊണ്ട് വിഭാവനം ചെയ്തവയാണ് എന്ന കാര്യവും അറിയിച്ചു.

ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിശിഷ്ടാതിഥിയായി. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം ആശംസിച്ചു. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നൽകുകയും സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. ഷാഫി പറമ്പിൽ എം.പി, ശശി തരൂർ എം.പി., കെ. വരദരാജൻ, ഗോകുലം ഗോപാലൻ, ജി. മോഹൻദാസ്, കോർപ്പറേഷൻ കൗൺസിലർ ചെമ്പഴന്തി ഉദയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആഘോഷ കമ്മറ്റി ജനറൽ കൺവീനർ അനീഷ് ചെമ്പഴന്തി നന്ദി പ്രകാശിപ്പിച്ചു.