* ആറ് വെളിച്ചെണ്ണ ഉത്പാദകർക്ക് മെയ്ഡ് ഇൻ കേരള സർട്ടിഫിക്കേഷൻ
സംസ്ഥാനത്തെ സംരംഭകരെ കൈപിടിച്ചുയർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉത്പന്നങ്ങൾക്ക് കേരളബ്രാൻഡിങ് നൽകുന്നതെന്നും ഗുണനിലവാരം, എത്തിക്കൽ ഉത്പാദനം എന്നിവയെ ആധാരമാക്കി നൽകുന്ന മെയ്ഡ് ഇൻ കേരള ബ്രാൻഡിങ് സംസ്ഥാനത്തെ സംരംഭകർക്ക് വലിയ ആത്മവിശ്വസം പകരുമെന്നും വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കേരള ബ്രാൻഡിങ്ങിന്റെ ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട ആറ് വെളിച്ചെണ്ണ ഉത്പാദകർക്ക് മെയ്ഡ് ഇൻ കേരള ബ്രാൻഡ് സർട്ടിഫിക്കറ്റ് സമ്മാനിക്കുന്ന ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന് അഭിമാനകരമായ നിമിഷമാണിത്. കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ ആവിഷ്‌കരിച്ച ഘട്ടത്തിൽ തന്നെ വ്യവസായ സംരംഭകരുടെ ഉത്പന്നങ്ങൾക്ക് മാർക്കറ്റ് എങ്ങിനെ ഉറപ്പുവരുത്താൻ കഴിയും, വിപണി എങ്ങിനെ വിപുലപ്പെടുത്താൻ കഴിയും എന്ന് ആലോചിച്ചിരുന്നു. അതിലൊന്ന് ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങൾക്ക് കെ സ്റ്റോർ വഴി അതത് പ്രദേശത്ത് വിൽക്കാനുള്ള സംവിധാനം ഒരുക്കലായിരുന്നു.
അതിന് വ്യവസായ വകുപ്പ് പൊതുവിതരണവകുപ്പുമായി ധാരണപത്രം ഒപ്പിടുകയും സംവിധാനം ഒരുക്കുകയും ചെയ്തു. ഒരു കോടി രൂപയുടെ ഉത്പന്നങ്ങൾ ഇത്തരത്തിൽ പ്രാദേശികതലത്തിൽ വിൽപന നടത്താൻ കഴിഞ്ഞു. കൂടാതെ ഇ കൊമോഴ്സ് പ്ലാറ്റ് ഫോമുകൾ വഴിയും, സഹകരണ, സ്വകാര്യ മാളുകൾ വഴിയും പ്രത്യേക പരിഗണനയോടെ പ്രാദേശിക ഉത്പന്നങ്ങളുടെ വിൽപനക്ക് അവസരം ഒരുക്കി. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ കേരളബ്രാൻഡിങ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കേരളം ലോകം അറിയുന്ന ഒരു ബ്രാൻഡാണ്. നമ്മുടെ മാനവവിഭവ സൂചകം, കേരള മോഡൽ വികസനം, കേരളത്തിന്റെ ടൂറിസം ഒക്കെ ലോകത്ത് അംഗീകരിക്കപ്പെട്ട ബ്രാൻഡാണ്. ഇതിനെ എങ്ങിനെ നമ്മുടെ നാട്ടിലെ ഉത്പന്നങ്ങളുടെ വിപണനത്തിന് ഉപയോഗപ്പെടുത്താം എന്ന ആലോചനയിൽ നിന്നാണ് മെയ്ഡ് ഇൻ കേരള എന്ന കേരള ബ്രാൻഡ് ഉണ്ടാവുന്നതെന്ന് മന്ത്രി പറഞ്ഞു.
കോവിഡിന് ശേഷം ആളുകളുടെ ഉപഭോഗരീതികളിൽ വലിയ മാറ്റം ഉണ്ടായി. ഗുണനിലവാരത്തിനൊപ്പം ഉത്പാദനം എത്തിക്കലാണോ എന്നതൊക്കെ ആളുകൾ ഇന്ന് പരിഗണിക്കുന്നുണ്ട്. വലിയ ബ്രാൻഡുകൾക്കപ്പുറം നാട്ടിലെ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾക്ക് ആളുകൾ മുൻഗണന നൽകിത്തുടങ്ങി. എത്തിക്കൽ ഉത്പാദനരീതികൾ ഇന്ന് ഉത്പന്നങ്ങൾക്ക് വിപണിയിൽ മൂല്യവർധനവ് നൽകുന്നുണ്ട്. ഗുണനിലവാരം, എത്തിക്കൽ ഉത്പാദനം എന്നീ രണ്ട് സംഗതികൾ പരിഗണിച്ചാണ് കേരളബ്രാൻഡിങ്ങിൽ സർട്ടിഫിക്കേഷൻ നൽകുന്നത്. ഇത്തരത്തിൽ ആറ് വെളിച്ചെണ്ണ ബ്രാൻഡുകൾക്കാണ് ഇന്ന് മെയ്ഡ് ഇൻ കേരള സർട്ടിഫിക്കേഷൻ നൽകുന്നത്. അടുത്ത ഘട്ടത്തിൽ കുടിവെള്ളം, ഫുട് വെയർ, നെയ്യ്, തേൻ എന്നിവ അടക്കം 14 ഉത്പന്നങ്ങൾക്ക് കൂടി സർട്ടിഫിക്കേഷൻ നൽകുമെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബറിൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സംരംഭകസഭകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സംരംഭകർക്ക് ആവശ്യമായ സഹായങ്ങൾ തത്സമയം നൽകുക, തടസ്സങ്ങൾ നീക്കുക തുടങ്ങിയവയാണ് സംരംഭകസഭകളിലൂടെ ഉദ്ദേശിക്കുന്നതെന്നും അത് സംരംഭകർക്ക് വലിയ ആത്മവിശ്വാസം പകരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ചടങ്ങിൽ സംസ്ഥാനത്തെ ആറ് വെളിച്ചെണ്ണ ഉത്പാദകർക്ക് മന്ത്രി കേരള ബ്രാൻഡിങ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ആലപ്പുഴ ജില്ലയിലെ എആർഎൽ കുട്ടനാടൻ കോക്കനട്ട് ഓയിൽ, കോട്ടയത്തെ കെഡിസൺ എക്സ്പെല്ലേഴ്സ്, എറണാകുളത്തെ വാരപ്പെട്ടി കോക്കനട്ട് ഓയിൽ, കണ്ണൂരിലെ കെ എം ഓയിൽ ഇൻഡസ്ട്രീസ്, സഹകാരി ഓയിൽ, കാസർകോട്ടെ കല്ലത്ര ഓയിൽ മിൽസ് എന്നിവർക്കാണ് മെയ്ഡ് ഇൻ കേരള സർട്ടിഫിക്കേഷൻ നൽകിയത്. മെയ്ഡ് ഇൻ കേരള ലോഗോ ഡിസൈൻ ചെയ്ത ലതീഷ് ലക്ഷ്മണിനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
തിരുവനന്തപുരം ഹിൽട്ടൺ ഗാർഡനിൽ സംഘടിപ്പിച്ച പരിപാടിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. കെ എസ് ഐ ഡി സി എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ, പബ്ലിക് സെക്ടർ ട്രാൻസ്ഫർമേഷൻ ബോർഡ് എക്സിക്യൂട്ടീവ് ചെയർമാൻ അജിത് കുമാർ കെ, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡന്റ് എ നിസാറുദ്ധീൻ, സി ഐ ഐ കേരള പ്രതിനിധി രവീന്ദ്രൻ നായർ, ഫിക്കി കേരള പ്രതിനിധി രഘുചന്ദ്രൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഫോറിൻ ട്രേഡ് അസി. ഡയറക്ടർ ജനറൽ ഹസൻ ഉസെയ്ദ് എൻ. എ, കെ ബി ഐ പി സിഇഒ സുരാജ് എസ്, കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ് ഡെ. ഡയറക്ടർ രശ്മി, ബി ഐ എസ് ജോയിന്റ് ഡയറക്ടർ സന്ദീപ് എസ് കുമാർ എന്നിവർ സാന്നിധ്യമായി. വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ സ്വാഗതവും വ്യവസായ, വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ രാജീവ് ജി നന്ദിയും പറഞ്ഞു.