സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സന്തുലിതമായി വിതരണം ചെയ്യണം: മുഖ്യമന്ത്രി


സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട ധനവിഹിതത്തിന്റെ ന്യായവും സന്തുലിതവുമായ വിതരണത്തിന് കേന്ദ്രഗവൺമെന്റ് തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ധനകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ധനകാര്യ മന്ത്രിമാരുടെ ഏകദിന കോൺക്ലേവ് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തമിഴ്നാട്, കർണാടക, പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള ധനമന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും വിഷയ വിദഗ്ദ്ധരുടെയും സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിയത്. പ്രസ്തുത വിഷയം 16-ാം ധനകാര്യ കമ്മിഷന് മുമ്പാകെ ഉന്നയിക്കും. ഭരണഘടനയുടെ ആർട്ടിക്കിൾ 280 നിർവചിച്ചിരിക്കുന്ന നീതി ആയോഗിന്റെ ചുമതല, അതിവിപുലമായ പരിഗണനാ വിഷയങ്ങൾ എന്നിവ പരിമിതപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ്  സംസ്ഥാന സർക്കാർ  ശ്രമിക്കുന്നത്. 

കേന്ദ്ര സർക്കാർ ഈടാക്കുന്ന  സർചാർജുകളുടെയും സെസുകളുടെയും വർദ്ധിച്ചുവരുന്ന പ്രവണതയെക്കുറിച്ച്  ആശങ്കയുണ്ട്. ഇത് ഇപ്പോൾ മൊത്ത നികുതി വരുമാനത്തിന്റെ 20 ശതമാനം  വരും.  സംസ്ഥാനങ്ങളുമായി പങ്കിടുന്ന നികുതികളുടെ ഡിവിസിവ് പൂളിൽ ഉൾപ്പെടുത്തിയതിനാൽ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട വിഹിതത്തിൽ കുറവുണ്ടാകുന്നതിലേക്ക്  നയിച്ചു, ഈ പ്രവണത 16-ാം ധനകാര്യ കമ്മീഷൻ പരിഗണിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 കേന്ദ്രത്തിന്റെ നികുതി അധികാരങ്ങളും സംസ്ഥാനങ്ങളുടെ ചെലവ് ബാധ്യതകളും തമ്മിലുള്ള നിരന്തരമായ  സാമ്പത്തിക അസന്തുലിതാവസ്ഥ നിലനിൽക്കുന്നു എന്നത് യാഥാർഥ്യമാണ്. നിലവിലെ നികുതി വിതരണം പുനഃപരിശോധിക്കണമെന്നത് കേരളത്തിന്റെ ആവശ്യമാണ്.

 അസന്തുലിതാവസ്ഥ മികച്ച രീതിയിൽ പരിഹരിക്കുന്നതിന് നിലവിലെ വിതരണത്തിൽ നിന്ന് 50 ശതമാനം വരെ വർദ്ധിപ്പിക്കണമെന്നതും നികുതിയുടെ അറ്റവരുമാനത്തിന്റെ ഉയർന്ന വിഹിതം വേണമെന്നുമുള്ള കേരളത്തിന്റെ ആവശ്യം മുഖ്യമന്ത്രി ആവർത്തിച്ചു. ഇത് പുതിയ ആവശ്യമല്ല, മറ്റ് സംസ്ഥാനങ്ങൾ മുൻ കമ്മീഷനുകൾക്ക് മുമ്പാകെ ഇത് ഉന്നയിച്ചിട്ടുണ്ട്. വർഷങ്ങളായി കേരളത്തിന്റെ നികുതി വിഹിതം കുറയുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.  ആരോഗ്യം, വിദ്യാഭ്യാസം, ജനസംഖ്യാ സൂചകങ്ങൾ എന്നിവയിൽ ഗണ്യമായ പുരോഗതി കൈവരിച്ച കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം ലഭിക്കേണ്ടതുണ്ട്.

  വികസനത്തിന്റെ വ്യത്യസ്ത തലങ്ങൾ കണക്കിലെടുത്ത് കൂടുതൽ സന്തുലിത സമീപനം കേന്ദ്ര സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നു. ദേശീയ മുൻഗണനകൾ പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിലെ ഘടകങ്ങൾക്കായി   കർശനമായ വ്യവസ്ഥകളോടെ ഫണ്ടുകൾ നൽകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു.

  തമിഴ്നാട്ടിലെ രാജമന്നാർ കമ്മിറ്റി, പശ്ചിമ ബംഗാളിലെ ഇടതുമുന്നണി സർക്കാർ സമർപ്പിച്ച മെമ്മോറാണ്ടം, 1983-ലെ മുഖ്യമന്ത്രിമാരുടെ കോൺക്ലേവ് എന്നിവ സർകാരിയ കമ്മീഷനെ നിയമിക്കുന്നതിന് കാരണമായി. രാജ്യത്തിന്റെ ഫെഡറൽ സാമ്പത്തിക ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിന് അർത്ഥവത്തായ ശുപാർശകൾ നൽകിക്കൊണ്ട് ഈ പാരമ്പര്യം തുടരേണ്ടതുണ്ട്.

 16-ാം ധനകാര്യ കമ്മീഷനു മുമ്പാകെ അവതരിപ്പിക്കാനുള്ള സമഗ്രമായ നിർദ്ദേശങ്ങൾ രൂപപ്പെടുത്താൻ കോൺക്ലേവിന്റെ ചർച്ചകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

 ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, തെലങ്കാന ഉപമുഖ്യമന്ത്രിയും ധനകാര്യവകുപ്പ് മന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യുവകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, പഞ്ചാബ് ധനകാര്യവകുപ്പ് മന്ത്രി ഹർപാൽ സിങ് ചീമ, തമിഴ്നാട് ധനകാര്യവകുപ്പ് മന്ത്രി തങ്കം തെന്നരസു, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ധനകാര്യ വകുപ്പ് സെക്രട്ടറി കേശവേന്ദ്ര കുമാർ എന്നിവർ സംബന്ധിച്ചു.  ഡോ. അരവിന്ദ് സുബ്രഹ്‌മണ്യൻ  പ്രത്യേക പ്രഭാഷണം നടത്തി.

തെലങ്കാന സ്പെഷ്യൽ ചീഫ് സെക്രട്ടറി കെ രാമകൃഷ്ണ റാവു, കർണാടക അഡീഷണൽ ചീഫ് സെക്രട്ടറി എൽ കെ അതീഖ്, തമിഴ്നാട് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി ടി ഉദയചന്ദ്രൻ, പഞ്ചാബ് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി അജോയ് കുമാർ സിൻഹ, മുൻ ധനകാര്യവകുപ്പ് മന്ത്രി ടി എം തോമസ് ഐസക്, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ, നാലാം സംസ്ഥാന ധന കമ്മീഷൻ ചെയർമാൻ ഡോ. എം എ ഉമ്മൻ, സാമ്പത്തിക വിദഗ്ധരായ പ്രൊഫ. പ്രഭാത് പട്നായിക്, പതിനാറാം ധനകാര്യ കമ്മീഷനുമുമ്പാകെ കേരളം സമർപ്പിക്കുന്ന നിവേദനത്തിന്റെ കരട് തയ്യാറാക്കാനായി നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ഡോ. സി പി ചന്ദ്രശേഖർ, ഡോ. ജയതി ഘോഷ്, ഡോ. സുശീൽ ഖന്ന, പതിനാലാം ധനകാര്യ കമ്മീഷൻ അംഗങ്ങളായ ഡോ. സുദിപ്തോ മണ്ഡൽ, ഡോ. എം ഗോവിന്ദ റാവു, പന്ത്രണ്ടാം ധനകാര്യ കമ്മീഷൻ അംഗം  ഡോ. ഡി കെ ശ്രീവാസ്തവ, റാം മനോഹർ റെഡ്ഡി,  റിട്ട. ഐആർഎസ് ഉദ്യോഗസ്ഥൻ ആർ മോഹൻ, ഡോ. പിനാകി ചക്രവർത്തി, പ്രൊഫ. കെ എൻ ഹരിലാൽ, സിഡിഎസ് ഡയറക്ടർ ഡോ. സി വീരമണി, ഗിഫ്റ്റ് ഡയറക്ടർ ഡോ. കെ ജെ ജോസഫ്, എൻഐപിഎഫ്പിയിലെ പ്രൊഫസർ ലേഖ ചക്രബർത്തി, കേരള കാർഷിക സർവകലാശാലയിലെ മുൻ പ്രൊഫസർ ഡോ. പി ഷഹീന, കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-ഏക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിലെ ഫെല്ലൊ ഡോ. രാഖി തിമോത്തി തുടങ്ങിയവർ സെഷനുകളിൽ പങ്കെടുത്തു.