ഭിന്നശേഷിയുള്ളവർക്ക് സർക്കാർ ആജീവനാന്ത പിന്തുണ നൽകും: മന്ത്രി ഡോ. ആർ ബിന്ദു
ഗർഭാവസ്ഥ മുതൽ ഭിന്നശേഷി വ്യക്തികളെ സഹായിക്കുന്ന പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തിട്ടുള്ളതെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിന് കീഴിൽ കലാപ്രതിഭകളുടെ സംസ്ഥാന ആർട്ട് ഗ്രൂപ്പായ അനുയാത്ര റിഥം തിരുവനന്തപുരം ലുലു മാളിൽ ഉദ്ഘാടനം ചെയ്യുകായിരുന്നു മന്ത്രി.
കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലും സംയുക്തമായി രണ്ടു ഘട്ടമായി നടപ്പിലാക്കിയ ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് എന്ന പദ്ധതി വഴി കലാ സാഹിത്യ മേഖലകളിൽ കഴിവും പ്രാഗത്ഭ്യവും തെളിയിച്ചിട്ടുള്ള ഭിന്നശേഷിക്കാരിൽ നിന്ന് മികവാർന്ന പ്രകടനം കാഴ്ചവെച്ച 28 പ്രതിഭകളെ ഉൾപ്പെടുത്തിയാണ് അനുയാത്ര റിഥം ഒരുക്കിയത്.
ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികൾ കേരളം നടപ്പാക്കി. മുൻകൂട്ടി ഭിന്നശേഷി അവസ്ഥകൾ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമായി ഇന്റർവെൻഷൻ സെന്ററുകളും, ഡിറ്റക്ഷൻ സെന്ററുകളും സംസ്ഥാനത്ത് ആരംഭിച്ചു.
ഓട്ടിസമുള്ള കുട്ടികളുടെ സ്‌ക്രീനിംഗിനും ഇടപെടൽ സേവനങ്ങൾ നൽകുന്നതിനുമായി അഞ്ച് മെഡിക്കൽ കോളേജുകളിൽ ഓട്ടിസം സ്‌ക്രീംനിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഇതേ സേവനം ഗ്രാമപ്രദേശങ്ങളിലും എത്തിക്കുന്നതിനായി മൊബൈൽ ഓട്ടിസം സ്‌ക്രീനിംഗ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്.
സ്വയംപര്യാപ്ത ജീവിതത്തിനായി വരുമാന ദായക തൊഴിലുകളിലേക്ക് ഭിന്നശേഷി വ്യക്തികളെ നയിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. സംരഭകത്വ താൽപര്യത്തിലേക്കും നൈപുണ്യ വികസനത്തിലേക്കും നയിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് അനുയാത്ര റിഥം എന്ന കലാപ്രതിഭകളുടെ ട്രൂപ്പ്. സർഗ വാസനകൾ വേദിയിലെത്തിച്ച് ലോകത്തിന് ആനന്ദം നൽകുന്നതോടൊപ്പം സ്വയം ആനന്ദം സൃഷ്ടിക്കാൻ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.
കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ഭിന്ന ശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്‌സൺ ജയഡാളി, നർത്തകി മേതിൽ ദേവിക, സിനിമാ താരങ്ങളായ സന്തോഷ് കീഴാറ്റൂർ, പ്രിയങ്ക, ജോബി തുടങ്ങിയവർ സംബന്ധിച്ചു.