ചേലക്കര നിയോജകമണ്ഡലം എംഎൽഎ ആയി യു ആർ പ്രദീപും പാലക്കാട് നിയോജകമണ്ഡലം എംഎൽഎ ആയി രാഹുൽ മാങ്കൂട്ടത്തിലും നിയമസഭാ സ്പീക്കർ  എ എൻ ഷംസീറിന്റെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ യു ആർ പ്രദീപ് സഗൗരവവും രാഹുൽ മാങ്കൂട്ടത്തിൽ ദൈവനാമത്തിലുമാണ് സത്യവാചകം ചൊല്ലിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, പി പ്രസാദ്, രാമചന്ദ്രൻ കടന്നപ്പള്ളി, സജി ചെറിയാൻ, എ കെ ശശീന്ദ്രൻ, കെ രാജൻ, ഗണേഷ് കുമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ചീഫ് വിപ്പ് എൻ ജയരാജ് തുടങ്ങിയവർ സംബന്ധിച്ചു.