മുണ്ടക്കൈ-ചൂരല്‍മല ദുരന്ത പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ കണ്ടെത്തിയ ഭൂമിയിലെ കുഴിക്കൂര്‍ (കൃഷി) വിലനിര്‍ണ്ണയ സര്‍വ്വെ അഞ്ച് ദിവസത്തിനകം പൂര്‍ത്തീകരിക്കും. മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സ്‌പെഷല്‍ ഓഫീസര്‍ ഡോ. ജെ.ഒ അരുണ്‍, എ.ഡി.എം കെ ദേവകി, എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ പി.എം കുര്യന്‍, സ്‌പെഷല്‍ തഹസില്‍ദാര്‍ ബി. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍/വിലേജ് ഓഫീസര്‍ ടീം ലീഡറും രണ്ട് ക്ലര്‍ക്ക്, രണ്ട് വില്ലേജ്മാന്‍, വനം- കൃഷി വകുപ്പ് ജീവനക്കാര്‍, സര്‍വ്വെ ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി 10 ടീമുകളായി തിരിഞ്ഞാണ് സര്‍വ്വെ പുരോഗമിക്കുന്നത്. ഒരു ടീം അഞ്ച് ഹെക്ടര്‍ സ്ഥലം മാര്‍ക്ക് ചെയ്ത് നല്‍കും. പുനരധിവാസത്തിനും നിര്‍മ്മാണത്തിനും അനുയോജ്യമല്ലാത്ത ഭാഗം ഒഴിവാക്കിയതിന് ശേഷമുള്ള സ്ഥലമാണ് ടൗണ്‍ഷിപ്പിനായി ഏറ്റെടുക്കുക.
പുനരധിവാസ പ്രവൃത്തിക്കായി ഏറ്റെടുക്കാത്ത ഭൂമിയില്‍ പ്ലാന്റേഷന്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അനുമതി നല്‍കും. ഭൂമി കണ്ടെത്തിയത് ഡ്രോണ്‍ സര്‍വേയിലൂടെയാണ്. ഫീല്‍ഡ് സര്‍വ്വെ പൂര്‍ത്തിയാകുന്നതോടെ ടൗണ്‍ഷിപ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ വേഗതിലാവും. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് കല്‍പ്പറ്റ നഗരസഭയിലും നെടുമ്പാല എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് മേപ്പാടി ഗ്രാമപഞ്ചായത്തിലുമാണ് ഉള്‍പ്പെടുന്നത്. ഭൂമി വിലയിലുണ്ടാവുന്ന വ്യത്യാസം കണക്കിലെടുത്ത് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരു കുടുംബത്തിന് അഞ്ച് സെന്റും നെടുമ്പാലയില്‍ ഒരു കുടുംബത്തിന് 10 സെന്റുമായിരിക്കും നല്‍കുക. ടൗണ്‍ഷിപ്പുകള്‍ പൂര്‍ത്തിയാകുന്നതോടെ വീടുകള്‍ക്ക് പുറമെ വിനോദത്തിനുള്ള സൗകര്യങ്ങള്‍, മാര്‍ക്കറ്റ്, ആരോഗ്യ കേന്ദ്രം, വിദ്യാലയം, അങ്കണവാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ളം, ശുചിത്വ സംവിധാനങ്ങളും സജ്ജമാക്കും.
ടൗണ്‍ഷിപ്പിലൂടെ പുനരധിവസിക്കപ്പെട്ട ശേഷവും ദുരന്തബാധിത മേഖലയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം അതത് വ്യക്തികള്‍ക്ക് തന്നെയായിരിക്കും. ഭൂമി ഉടമകളില്‍ നിന്ന് അന്യം നിന്നുപോകില്ല. ഉരുള്‍പൊട്ടിയ ഭൂമി വന പ്രദേശമായി മാറാതിരിക്കാന്‍ കലക്റ്റീവ് ഫാമിങ് പോലുള്ള ഉല്‍പാദന ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള സാധ്യതകള്‍ പരിഗണിക്കും. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ജനുവരി 25 നകം പുറത്തിറക്കും. അതിജീവിതര്‍ക്ക് ഉപജീവനമാര്‍ഗ്ഗം ഒരുക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മൈക്രോ പ്ലാന്‍ സര്‍വ്വെയിലൂടെ 79 പേര്‍ മൃഗസംരക്ഷണ മേഖലയും 192 പേര്‍ കാര്‍ഷിക മേഖലയും 1034 പേര്‍ സൂക്ഷ്മ സംരംഭങ്ങളും 585 പേര്‍ മറ്റ് വരുമാന പ്രവര്‍ത്തനങ്ങളുമാണ് തെരഞ്ഞെടുത്തത്. പ്രത്യേക പരിഗണന നല്‍കേണ്ട സ്ത്രീകള്‍ മാത്രമുള്ള 84 കുടുംബങ്ങളെയും വിധവകള്‍ മാത്രമുള്ള 38 കുടുംബങ്ങളെയും കുട്ടികള്‍ മാത്രമുള്ള മൂന്ന കുടുംബങ്ങളെയും വയോജനങ്ങള്‍ മാത്രമുള്ള നാല് കുടുംബങ്ങളെയും ഒരംഗം മാത്രമുള്ള 87 കുടുംബങ്ങളെയും മൈക്രോ പ്ലാനിലൂടെ കണ്ടെത്തി.