* പുസ്തകോത്സവ ഫുഡ് കോർട്ട് ഉദ്ഘാടനം ചെയ്തു

പുസ്തകങ്ങൾ വാങ്ങാം, ചർച്ചകളിൽ പങ്കാളികളാകാം, ഒപ്പം കേരളത്തിന്റെ തനത് രുചികൾ ആസ്വദിക്കുകയുമാവാം. കഥകളും കവിതകളും ചർച്ചകളും മാത്രമല്ല നിയമസഭാ പുസ്തകോത്സവത്തിലെ വിഭവങ്ങൾ. അട്ടപ്പാടി ചുരമിറങ്ങി വന്ന വനസുന്ദരിയും പാലക്കാടിന്റെ പൈതൃകമായ രാമശ്ശേരി ഇഡലിയും ഇടുക്കിയിലെ മലനിരകളിൽ നിന്നുള്ള പിടിയും കോഴിയുമടങ്ങുന്ന വൈവിധ്യങ്ങളുമുണ്ട് കൊതിപ്പിക്കാൻ. പുസ്തകോത്സവത്തിന്റെ ഫുഡ് കോർട്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്‌ഘാടനം ചെയ്തതോടെ ഇവിടെയും തിരക്കേറി.

പതിമൂന്ന് സ്റ്റാളുകളാണ് ഫുഡ് കോർട്ടിലുള്ളത്. എട്ടെണ്ണം കുടുംബശ്രീയുടേത്. ബാക്കിയുള്ളവ വിവിധ ഗ്രൂപ്പുകളുടേതും മിൽമയുടെതും. പല ജില്ലകളുടെയും രുചിഭേദങ്ങൾ ഇവിടെയുണ്ട്. തലശ്ശേരി ബിരിയാണിയുടെയും കോഴിക്കോടൻ ബിരിയാണിയുടെയും രുചിയും മണവും ഇപ്പോൾ തലസ്ഥാനത്തിനും സ്വന്തം. കരിമ്പ് ജ്യൂസിന്റെ വൈവിധ്യങ്ങൾ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്ന സ്റ്റാളിലും തിരക്കേറെ. എരിവും മധുരവുമുള്ള ലഘുഭക്ഷണങ്ങൾ, വിവിധ തരം ജ്യൂസുകൾ, ഐസ്ക്രീമുകൾ, സ്മൂത്തികൾ തുടങ്ങിയവയും കുട്ടികളെ ആകർഷിക്കുന്നു.

ഭക്ഷ്യ നിര്‍മാണ വിതരണ രംഗത്തുള്ള വനിതാ സംരംഭക യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കാനായി കുടുംബശ്രീ സ്‌റ്റേറ്റ് മിഷന്‍ ആരംഭിച്ച അദേബാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിന്റെ ആഭിമുഖ്യത്തിലാണ് പുസ്തകോത്സവത്തിന്റെ ഭാഗമായ ഫുഡ്‌കോര്‍ട്ട് സജ്ജീകരിച്ചിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാനും പരിചയപ്പെടാനും നിയമസഭാ ഹാളും നൂറുവര്‍ഷത്തെ ചരിത്രമുറങ്ങുന്ന ലൈബ്രറിയും മ്യൂസിയവും സന്ദര്‍ശിക്കാനും അവസരമൊരുക്കിയിട്ടുണ്ട്.