സ്പീക്കർ എന്ന നിലയിൽ കൊണ്ടുവന്ന നൂതനമായ ആശയങ്ങളും ഏറ്റെടുത്ത വെല്ലുവിളികളും നേരിടേണ്ടി വന്ന പ്രതിസന്ധികളും വിവരിച്ച് കേരള നിയമസഭാ മുൻ സ്പീക്കർമാർ. കെ.എൽ.ഐ.ബി.എഫിന്റെ പാനൽ ചർച്ചയിൽ നിയമസഭ ഞങ്ങളിലൂടെ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു. മുൻ സ്പീക്കർമാരായ എം.വിജയകുമാർ, എൻ.ശക്തൻ, പി.ശ്രീരാമകൃഷ്ണൻ എന്നിവരാണ് അനുഭവങ്ങളുടെ കയ്പ്പും മധുരവും പങ്കുവെച്ചത്. മുൻ നിയമസഭാ സെക്രട്ടറി ഡോ.എൻ.കെ.ജയകുമാർ മോഡറേറ്ററായി.
ഒരു നിയമസഭയുടെ സ്വഭാവം നിശ്ചയിക്കുന്നത് ആ സഭ തന്നെയാണെന്നും ഗുണപരമായ മാറ്റം കൊണ്ടുവരാൻ ഓരോരുത്തർക്കും ബാധ്യതയുണ്ടെന്നും എം.വിജയകുമാർ പറഞ്ഞു. സഭ സമ്മേളിക്കുമ്പോൾ പൂർണസമയം സഭയിൽ ഉണ്ടായിരിക്കണം. പുതുതലമുറ ഇക്കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല. നോക്കി പഠിക്കാൻ വേണ്ട മാതൃകകൾ നമുക്കുണ്ട്. ഇ.എം.എസ്സും കെ.എം.മാണിയുമെല്ലാം നല്ല മാതൃക സൃഷ്ടിച്ച സാമാജികരാണ്. മുൻ സ്പീക്കർമാരുടെ അനുഭവസമ്പത്ത് ഉപയോഗിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്താൻ നിയമസഭയ്ക്കാവണം.
ഇന്ത്യൻ പാർലമെന്റിനും മറ്റു നിയമനിർമാണ സഭകൾക്കും മാതൃകയാവാൻ സാധിച്ച സഭയാണ് കേരളത്തിന്റേത്. കേരള നിയമസഭ നടപ്പിലാക്കിയ സബ്ജക്ട് കമ്മിറ്റിയുടെ മാതൃക പിൻപറ്റിയാണ് പാർലമെൻറിൽ സ്റ്റാന്റിംഗ് കമ്മിറ്റികൾ വന്നത്. താൻ സ്പീക്കറായിരുന്ന കാലത്ത് സബ്ജക്ട് കമ്മിറ്റികൾ ഫലപ്രദമാക്കുന്നതിനായി പഠനം നടത്തുന്നതിന് മറ്റൊരു കമ്മിറ്റിയെ നിയോഗിച്ചു. ഇന്ത്യൻ പ്രസിഡന്റ് നിയമസഭയിലെത്തി സാമാജികരെ അഭിസംബോധന ചെയ്യുകയെന്ന അപൂർവതയും കേരളത്തിന് സ്വന്തമാണെന്നും അദ്ദേഹം സ്മരിച്ചു.
നിയമസഭാ നടപടികൾ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പ്രതിഷേധങ്ങൾ അവസാനിപ്പിക്കുന്നതിന് നടപടി വേണമെന്ന് എൻ ശക്തൻ ആവശ്യപ്പെട്ടു. പ്രതീകാത്മകമായ വാക്ക് ഔട്ടോ സഭാ ബഹിഷ്‌കരണമോ നടത്താം. എന്നാൽ സഭാ നടപടികൾ തടസ്സപ്പെടുത്തുന്നത് ശരിയല്ല. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഗൗരവമായ ചർച്ചകൾ നടക്കേണ്ട ഇടമാണ് നിയമസഭ. ചർച്ചയില്ലാതെ നിയമങ്ങൾ പാസ്സാകുന്നത് ശരിയായ രീതിയല്ല. ഏത് പ്രതിഷേധം നടന്നാലും സഭാ സമ്മേളനം തടസ്സപ്പെടാത്ത തരത്തിലുള്ള സംവിധാനം ഇനിയെങ്കിലും ആലോചിക്കണം. എംഎൽഎമാർക്ക് പെരുമാറ്റച്ചട്ടമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നതും ഗൗരവമായി പരിശോധിക്കണം.
പ്രോടെം സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, സ്പീക്കർ എന്നീ ചുമതലകൾ വഹിക്കാൻ കഴിഞ്ഞ രാജ്യത്തെ തന്നെ ഏക വ്യക്തിയാണ് താനെന്നതിൽ അഭിമാനമുണ്ട്. നിയമസഭാ ദിനാചരണം ആരംഭിച്ചതും ആദ്യ സ്പീക്കറുടെ പേരിൽ നിയമസഭാ ലോഞ്ച് സജ്ജമാക്കിയതും മുൻ സ്പീക്കർ ജി കാർത്തികേയന്റെ പേരിൽ മാധ്യമ പുരസ്‌കാരം ഏർപ്പെടുത്തിയതും സീനിയർ മാധ്യമപ്രവർത്തകർക്ക് സ്ഥിരം നിയമസഭാ പാസ് നൽകിയതും തന്റെ കാലത്താണെന്നതിൽ ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അവിചാരിതമായി സ്പീക്കറായ തനിക്ക് ഏറെ പ്രയാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പി. ശ്രീരാമകൃഷ്ണൻ. കിഫ്ബിക്കെതിരെ ശക്തമായ എതിർപ്പ് ഉയർന്നുവന്നപ്പോൾ പലപ്പോഴും നിസ്സഹായനായി നിൽക്കേണ്ടി വന്നിട്ടുണ്ട്. അതേസമയം സഭയെ സാങ്കേതികവിദ്യയുമായി ചേർക്കുന്ന പ്രവർത്തനങ്ങൾക്ക് അക്കാലത്ത് തുടക്കമിടാനായി. ഒ ടി ടി പ്ലാറ്റ്‌ഫോമും സഭ ടി വി യും വരുന്നത് താൻ സ്പീക്കറായിരുന്ന സമയത്താണ്. ഉപചോദ്യങ്ങൾ ചോദിക്കാൻ മിഠായിയും ചെറുകുറിപ്പും ഓഫർ ചെയ്ത രസകരമായ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണൻ ഓർമ്മിച്ചു.
നിയമനിർമാണ സഭയ്ക്ക് നിയമനിർമാണത്തിനുപുറമെ മറ്റു പലതും ചെയ്യാനാകും എന്നതിന്റെ തെളിവാണ് നിയമസഭയ്ക്ക് ചുറ്റും നടക്കുന്ന പുസ്തകോത്സവമെന്ന് മോഡറേറ്ററായ ഡോ.എൻ.കെ.ജയകുമാർ പറഞ്ഞു.