കാക്കനാട്: റീ ബില്‍ഡ് കേരള സര്‍വേയുമായി ബന്ധപ്പെട്ട പരാതികളില്‍ 20 വരെ അപ്പീല്‍ സമര്‍പ്പിക്കാമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രളയത്തില്‍ വീടുതകര്‍ന്നവരില്‍ ധനസഹായത്തിന് അര്‍ഹരായവരുടെ ലിസ്റ്റില്‍ പെടാത്തവര്‍ ആക്ഷേപമുണ്ടെങ്കില്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് അപേക്ഷ നല്‍കണം. ഇതിനായുള്ള പ്രത്യേക അപേക്ഷാഫോമുകള്‍ ഓഫീസുകളില്‍ ലഭിക്കും. പരാതികളില്‍ പ്രത്യേക നിയമിതരായ അസി.എക്‌സിക്യൂൂട്ടീവ് എഞ്ചിനീയറുടെ പരിശോോധനകള്‍ക്കു ശേഷമായിരിക്കും തീരുമാനമെടുക്കുക. അസി.എഞ്ചിനീയര്‍മാരുടെ ഏഴ് പാനലാണ് ഇതിനായി രൂപീകരിച്ചിട്ടുള്ളത്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും ഒന്നിലധികം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇവര്‍ നേരിട്ടു ചെന്ന് പരിശോധിച്ച് സമര്‍പ്പിക്കുന്ന സാങ്കേതിക പരിശോധനാ റിപ്പോര്‍ട്ട് ജില്ലാതല അപ്പീല്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കും. ജില്ലാ കളക്ടറായിരിക്കും അവസാന തീരുമാനം കൈക്കൊള്ളുക. അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അതും പരിഗണിക്കും. 75 ശതമാനത്തിലധികം നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകളാണ് പൂര്‍ണമായും തകര്‍ന്ന വീടുകളുടെ ഗണത്തില്‍ പെടുന്നത്. ജില്ലയില്‍ 3003 കുടുംബങ്ങളാണ് നിലവില്‍ ലിസ്റ്റിലുള്ളത്. 4 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം. ആദ്യ ഗഡുവായി 95100 രൂപ നല്‍കും. വീടുകളുടെ 25 ശതമാനം പണികള്‍ പൂര്‍ത്തിയാകുമ്പോള്‍ ബാക്കിയുള്ളതിന്റെ പകുതിയും 75 ശതമാനം പണികള്‍ പൂര്‍ത്തിയാകുമ്പോള്‍ ബാക്കിയുള്ള തുകയും കൈമാറും.
ധനസഹായം ദുരുപയോഗം ചെയ്യാതിരിക്കാനുള്ള കര്‍ശന നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ധനസഹായം ഉപയോഗിച്ച് വീട് നിര്‍മ്മിക്കാമെന്ന സമ്മപത്രം നല്‍കുന്നവര്‍ക്കു മാത്രമേ തുക കൈമാറൂ. ഇതിനായി അഞ്ച് രേഖകള്‍ വില്ലേജ് സെക്രട്ടറി മുമ്പാകെ ഹാജരാക്കണം. കരം അടച്ച രസീത്, ആധാര്‍ കാര്‍ഡിന്റെ കോപ്പി, റേഷന്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, മൊബൈല്‍ നമ്പര്‍ എന്നിവയാണ് നല്‍കേണ്ടത്. ഇത് പരിശോധിച്ച ശേഷം സെക്രട്ടറി ആദ്യ ഗഡുവായ തുക അക്കൗണ്ടിലേക്ക് നല്‍കും. ഇതുപയോഗിച്ച് വീട് പണി തുടങ്ങാം.
വീടുപണി നടത്താമെന്ന് ആത്മവിശ്വാസമില്ലാത്തവര്‍ വിവരം നേരത്തെ തന്നെ അധികൃതരെ അറിയിക്കണം. ഇത്തരത്തിലുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം നേരിട്ട് വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.
വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. പ്ലാന്‍ വരച്ച് നല്‍കുക, എന്‍.ഒ.സി. ലഭിക്കാനുള്ള സഹായം നല്‍കുക, കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കുക, ആവശ്യമായ തൊഴിലാളികളെ നല്‍കുക തുടങ്ങി സഹായങ്ങളാണ് ലഭിക്കുക. ബ്ലോക്കുകളും നഗരസഭകളും കേന്ദ്രീകരിച്ച് സഹായകേന്ദ്രം പ്രവര്‍ത്തിക്കും. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ക്കായിരിക്കും ഏകോപന ചുമതല. സുരക്ഷിത കൂടൊരുക്കാന്‍ കേരളം എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതിലൂടെ 5000 രൂപയെങ്കിലും ഉപഭോക്കാക്കള്‍ക്ക് ലാഭിക്കാം. ലൈഫ് മിഷന്റെ 12 പ്ലാനുകള്‍ ഇതിലേക്ക് നല്‍കും. 420 ചതുരശ്ര അടി വലിപ്പത്തിലുള്ള വീടുകളാണിത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ടും പ്ലാനുകള്‍ വരച്ച് നല്‍കുന്നുണ്ട്. കേരളത്തെ സഹായിക്കുന്നതിനായി ഇവരുടെ എഞ്ചിനീയര്‍മാര്‍ സേവനം നല്‍കും. പ്രദേശങ്ങളിലെ എഞ്ചിനീയറിംഗ് കോളജുകളും സഹായങ്ങളുമായി രംഗത്തുണ്ട്. ഇവരെ തേഡ് പാര്‍ട്ടി ടെക്‌നിക്കല്‍ ഏജന്‍സികളായി എംപാനല്‍ ചെയ്തിട്ടുണ്ട്. മേല്‍നോട്ടത്തിന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കളുടെ സേവനവും ഉറപ്പാക്കും.
ഓരോ സ്ഥലത്തിന്റെയും സ്വഭാവം അനുസരിച്ച് അനുയോജ്യമായ പ്ലാനുകള്‍ തെരഞ്ഞെടുക്കാം.
നഗരസഭകളില്‍ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയുടെയും പഞ്ചായത്തുകളില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയുടെയും ഭാഗമായി തൊഴില്‍ കാര്‍ഡ് ഉള്ളവര്‍ക്ക് 90 ദിവസത്തെ അവിദഗ്ധ തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കും. ഇതു വഴി 24390 രൂപ കൂലി ഇനത്തില്‍ ലഭിക്കും. സിമന്റ് ബ്ലോക്കുകള്‍ തുടങ്ങിയവ തദ്ദേശസ്ഥാപനങ്ങള്‍ വഴി നിര്‍മ്മിച്ച് സൗജന്യ നിരക്കില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.
കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വില നിയന്ത്രിക്കുന്നതിനുള്ള നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചു. വിലക്കുറവില്‍ സാമഗ്രികള്‍ ലഭ്യമാക്കും. നിര്‍മ്മാണ സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്നതിന് ബള്‍ക്ക് പ്രെക്യുര്‍മെന്റ് രീതിയായിരിക്കും സ്വീകരിക്കുക. ഇതിനായി ബില്‍ഡ് നെക്സ്റ്റ് സ്റ്റാര്‍ട്ട് അപ് സംരംഭകര്‍ വികസിപ്പിച്ച് ആപ്പ് ഉപയോഗപ്പെടുത്തും. ഒരുമിച്ച് ഓര്‍ഡര്‍ നല്‍കി സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കുന്നതിനാണ് ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്തുക.
വീട് നിര്‍മ്മാണത്തിനായി കനാല്‍, പുഴ പുറമ്പോക്കുകള്‍ ഒഴിവാക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇത്തരക്കാര്‍ക്കായി പുതിയ സ്ഥലം കണ്ടെത്തി വീട് നിര്‍മ്മിച്ചു നല്‍കും. അതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
സി ആര്‍ഇസഡ് പരിധിയില്‍ വരുന്ന അപേക്ഷകള്‍ തദ്ദേശ സ്ഥാപന സെക്രട്ടറി വഴി ജില്ല കളക്ടര്‍ അധ്യക്ഷനായുള്ള ജില്ലാതല സമിതിക്ക് സമര്‍പ്പിക്കണം. അപേക്ഷ പരിശോധിച്ച് കമ്മിറ്റി തീരുമാനമെടുക്കും. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ പരിധിയില്‍ വരുന്ന ഭൂമിയുടെ കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ലോക്കല്‍ ലെവല്‍ മാനേജിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയോടു കൂടി ജില്ലാ തലത്തിലുള്ള ഡിഎല്‍എം സി ക്ക് സമര്‍പ്പിക്കണം. ജില്ലാതല കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അനുമതി ലഭ്യമാക്കും.
പൂര്‍ണമായി വീട് നഷ്ടപ്പെടാത്തവര്‍ക്ക് അഥവ ഭാഗികമായി നഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വിവിധ സ്ലാബുകള്‍ പ്രകാരമുള്ള ധനസഹായം ലഭ്യമാക്കും.
തകര്‍ന്ന വീട് ഇരുന്നിടത്തു തന്നെ പുതിയ വീട് വയ്ക്കണമെന്ന് നിര്‍ബന്ധമില്ല. സ്വന്തം പേരില്‍ മറ്റെവിടെയെങ്കിലും സ്ഥലമുണ്ടെങ്കില്‍ വീട് വയ്ക്കാവുന്നതാണ്.
ഒന്നിലധികം വീടുകളുണ്ടെങ്കില്‍ ധനസഹായത്തിന് പരിഗണിക്കില്ല.
ഉന്നത സാങ്കേതിക നിലവാരം പുലര്‍ത്തുന്ന പ്രീ ഫാബ് സാങ്കേതികവിദ്യ അനുയോജ്യമായ സ്ഥലങ്ങളില്‍ പ്രയോജനപ്പെടുത്തി വീടുകള്‍ വേഗത്തില്‍ നിര്‍മ്മിച്ച് നല്‍കും. ലൈഫ് പദ്ധതി പ്രകാരം അനുവദനീയമായ 400 മുതല്‍ 420 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനാണ് മുന്‍ഗണന. എന്നാല്‍ സ്വന്തമായി വീട് നിര്‍മിക്കാന്‍ തയാറാകുന്ന ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ ശേഷി അനുസരിച്ച് ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാവുന്നതാണ്. ജില്ലയുടെ ഔദ്യോഗിക വെബ് സൈറ്റായ www.ernakulam.gov.inല്‍ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളുടെയും പൂര്‍ണ്ണവിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ വില്ലേജ് ഓഫീസിലും തദ്ദേശ സ്ഥാപനങ്ങളിലും ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാണ്.
ജില്ലയില്‍ 22 കുടുംബങ്ങള്‍ക്കാണ് വീടും സ്ഥലവും പൂര്‍ണമായും നഷ്ടപ്പെട്ടിട്ടുള്ളത്. ഇവര്‍ക്ക് ആറു ലക്ഷം രൂപയാണ് ധനസഹായം. വീട് സ്വയം നിര്‍മ്മിക്കുന്നവര്‍ പെട്ടെന്നു തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി ആദ്യ ഗഡു കൈപ്പറ്റണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. അസിസ്റ്റന്റ് കലക്ടര്‍ പ്രഞ്ജാല്‍ പാട്ടീല്‍, ഡെപ്യൂട്ടി കളക്ടര്‍ പി ഡി ഷീലാദേവി, ലൈഫ് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഏണസ്റ്റ് സി തോമസ് എന്നിവര്‍ പത്രസമ്മേള നത്തില്‍ പങ്കെടുത്തു.