ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ കളിയും ചിരിയും അവധിക്കാല ക്യാമ്പ് ഏപ്രിൽ 2ന് ആരംഭിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 4 മണിവരെ നടനഗ്രാമം ക്യാമ്പസ്സിൽ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുട്ടികളിൽ അവരിലെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിച്ചെടുക്കാനും മാനസിക വളർച്ചയും സൗഹാർദ്ദവും കരുതലും ഉറപ്പാക്കാൻ സഹായമാകും വിധത്തിലാണ് മെയ് 30 വരെ വേനൽ കൂട്ടായ്മ ഒരുക്കിയിരിക്കുന്നത്. ദൈനംദിന ക്യാമ്പിനൊപ്പം യോഗാ പരിശീലനം, വിശിഷ്ട വ്യക്തികളുമായുള്ള സംവാദം, അഭിമുഖം, ചലച്ചിത്ര പഠന ആസ്വാദന ക്യാമ്പ്, വിനോദയാത്ര, പുസ്തക പരിചയം തുടങ്ങിയവ നടക്കും. രണ്ടു മാസത്തെ ക്യാമ്പിന്റെ അവസാന ദിവസം കളിയരങ്ങ് എന്ന പേരിൽ ഒരു ദിവസത്തെ കലാ കായിക പരിപാടികൾ നടനഗ്രാമത്തിൽ സംഘടിപ്പിക്കും. അപേക്ഷകൾ മാർച്ച് 30 വൈകിട്ട് 5 മണിക്ക് മുമ്പായി നടനഗ്രാമത്തിൽ എത്തി നിർദ്ദിഷ്ട ഫോറത്തിൽ പൂരിപ്പിച്ചു നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2364771, 8547913916.
