ആരോഗ്യമേഖലയിലെ വിവിധ പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ അവലോകനം ചെയ്തു. നൂൽപ്പുഴ മാതൃകയിൽ മറ്റു ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ ആശുപത്രികൾ കൂടി ഉന്നത നിലവാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമമുണ്ടാവണമെന്നു കളക്ടർ നിർദേശിച്ചു. ആദിവാസി മേഖലയിലെ ആശുപത്രികൾക്ക് പ്രഥമ പരിഗണന നൽകണം. അടിസ്ഥാന ആവശ്യങ്ങൾ കണ്ടെത്തി നടപടി തുടങ്ങാൻ മെഡിക്കൽ ഓഫീസർമാരുടെ യോഗം വിളിക്കും. ടെക്‌നീഷ്യൻമാരുടെയും ഡോക്ടർമാരുടെയും കുറവ് കാരണം ആശുപത്രികളിൽ അത്യാധുനിക ഉപകരണങ്ങൾ പ്രവർത്തിക്കാതെ കിടക്കുന്നുണ്ട്. അടിയന്തരമായി ഇവയുടെ കണക്കെടുത്ത് തുടർ നടപടി സ്വീകരിക്കാൻ കളക്ടർ ആവശ്യപ്പെട്ടു.
ജീവിതശൈലി രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ ഊർജിതമാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തും. ആസ്പിരേഷനൽ ഡിസ്ട്രിക്ട് പദ്ധതിയിലുൾപ്പെടുത്തി ജില്ലയിൽ കൂടുതൽ സബ് സെന്ററുകൾക്കായി പ്രപ്പോസൽ തയ്യാറാക്കും. ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന നല്ലൂർനാട് കാൻസർ സെന്ററിന്റെ പശ്ചാത്തല സൗകര്യം വികസനത്തിനായി പദ്ധതിയൊരുക്കും. കേന്ദ്രസർക്കാരിന്റെ സഹായം ഇതിനായി പരിശോധിക്കും. നിലവിൽ 15 ആശുപത്രികളെ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കാൻ തിരഞ്ഞെടുത്തിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്നു ജില്ലാ കളക്ടർ അറിയിച്ചു. യോഗത്തിൽ ഡിഎംഒ (ആരോഗ്യം) ഡോ. ആർ. രേണുക, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം ഓഫിസർ ഡോ. ബി. അഭിലാഷ്, വി.ജി. അശോക് കുമാർ, സി.സി. ബാലൻ, കെ. ഇബ്രാഹീം തുടങ്ങിയവർ പങ്കെടുത്തു.