മുളന്തുരുത്തി: നവകേരളത്തിന് പുതിയ ഭവന സാക്ഷരത എന്ന ആശയത്തിലൂന്നി ജില്ലാ നിര്‍മ്മിതികേന്ദ്രം നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പഞ്ചായത്തുതല ശില്പശാലകള്‍ക്ക് എടയ്ക്കാട്ടുവയല്‍ പഞ്ചായത്തില്‍ തുടക്കമായി. പ്രകൃതിക്ക് അനുയോജ്യമായ പ്രാദേശികമായി ലഭിക്കുന്ന നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിച്ച് വീട് പണിയേണ്ടതിന്റെ ആവശ്യകത ശില്പശാല ചര്‍ച്ച ചെയ്തു. സിമന്റ്, സ്റ്റീല്‍, മണല്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്ന നവീന നിര്‍മ്മാണരീതികള്‍ ശില്പശാല പരിചയപ്പെടുത്തി.
പ്രകൃതിവിഭവങ്ങള്‍ ഭാവിതലമുറയ്ക്കായി കരുതിവയ്‌ക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയ ശില്പശാല വിവിധതരത്തിലുള്ള ഹരിത നിര്‍മ്മാണ രീതികള്‍ പരിചയപ്പെടുത്തി. നിര്‍മ്മാണമേഖലയില്‍ സാമ്പത്തിക, പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്ന രീതികള്‍ വ്യാപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം വിദഗ്ദ്ധര്‍ അവതരിപ്പിച്ചു.
ജിപ്‌സം പാനല്‍, വുഡ് സാന്‍വിച്ച് പാനല്‍ തുടങ്ങിയ ചെലവു ചുരുങ്ങിയതും പ്രകൃതിക്ക് ദോഷം ചെയ്യാത്തതുമായ നവീന നിര്‍മ്മാണരീതികള്‍ ശില്പശാല ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചു. ഊര്‍ജ്ജ ഉപയോഗം കുറയ്ക്കുന്ന വിവിധ നിര്‍മ്മാണ രീതികളും പരിചയപ്പെടുത്തി.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ഭവന നിര്‍മ്മാണത്തിനായി സിമെന്റ്, കമ്പി മുതലായവ ലഭ്യമാക്കുന്ന നിര്‍മിതി കേന്ദ്രത്തിന്റെ കലവറ യൂണിറ്റുകളുടെ പ്രവര്‍ത്തനം ഏറെ ഉപകാരപ്രദമാണെന്ന് ചടങ്ങില്‍ സംസാരിച്ച നിര്‍മ്മിതികേന്ദ്രം എറണാകുളം റീജണല്‍ എഞ്ചിനീയര്‍ റോബര്‍ട്ട് വി. തോമസ് പറഞ്ഞു. പരമാവധി 750 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള ഭവനങ്ങള്‍ക്കാണ് 15 ശതമാനം വിലകുറവില്‍ സിമന്റ്, കമ്പി തുടങ്ങിയ നിര്‍മ്മാണസാമഗ്രികള്‍ ലഭ്യമാക്കുന്നത്. എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലെ വട്ടപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കലവറ യൂണിറ്റ് വര്‍ഷം 350 കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതായി അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട പഞ്ചായത്തുകള്‍ അംഗീകരിച്ച വീടിന്റെ പ്ലാന്‍, പെര്‍മിറ്റ്, റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുമായി കലവറ യൂണിറ്റില്‍ സമീപിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് 500 കിലോ കമ്പിയും 50 ചാക്ക് സിമന്റും കുറഞ്ഞനിരക്കില്‍ ലഭിക്കും.
സുസ്ഥിര നിര്‍മാണപ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥാവ്യതിയാനം എന്നിവയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് നിര്‍മ്മിതി കേന്ദ്രത്തിന്റെ ശില്പശാലകള്‍. എഞ്ചിനീയറിംഗ് കോളേജുകള്‍, യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമാന ബോധവത്കരണ പരിപാടികള്‍ നടത്തുന്നുണ്ട്.
നിര്‍മ്മിതികേന്ദ്രം എറണാകുളം റീജണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്പശാല മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമന്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ ദീപാ ജി. നായര്‍, പ്രൊഫസര്‍ വി. കെ ലക്ഷ്മണന്‍ നായര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു. എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സി സജികുമാര്‍, പഞ്ചായത്ത് അംഗങ്ങളായ ജൂലിയ ജെയിംസ്, സാലി പീറ്റര്‍, ഒ.ഹരിക്കുട്ടന്‍, ജയന്‍ കെ. പൊന്നൂസ്, പഞ്ചായത്ത് സെക്രട്ടറി ഇ. കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.