കുടുംബശ്രീയുടെ പുത്തന്‍ കാല്‍വയ്പ്പായി കോര്‍പ്പറേഷന്‍ കുടുംബശ്രീ ആരംഭിക്കുന്ന ആദ്യ സ്ത്രീ സൗഹൃദ മഹിളാമാള്‍ ഈ മാസം 24 ന് രാവിലെ 11 മണിക്ക് വയനാട് റോഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഫാമിലി കൗണ്‍സിലിങ് സെന്റര്‍ മന്ത്രി കെ.കെ ശൈലജ ടീച്ചറും മൈക്രോ ബസാര്‍ കിച്ചണ്‍ മാര്‍ട്ട് ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീനും നിര്‍വഹിക്കും. മിനി സൂപ്പര്‍ മാര്‍ക്കറ്റ് മന്ത്രി ടി.പി രാമകൃഷ്ണനും കഫേ റസ്റ്റോറന്റ് മന്ത്രി എ.കെ ശശീന്ദ്രനും ഉദ്ഘാടനം ചെയ്യും. ട്രെയിനിംഗ് സെന്റര്‍ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. ചടങ്ങില്‍ വെബ് സൈറ്റ് ലോഞ്ചിംഗ് ചലചിത്ര താരം സുരഭിലക്ഷ്മി നിര്‍വഹിക്കും. ജില്ലയിലെ എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. യൂണിറ്റി ഗ്രൂപ്പ് പ്രസിഡന്റ് കെ.ബീന റിപ്പോര്‍ട്ട് അവതരിപ്പിക്കും. പ്രാദേശിക സാമ്പത്തിക വികസനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമാക്കി ഉത്പാദന വിപണന സാധ്യതകളെ പ്രയോജനപ്പെടുത്തിയാണ് സ്ത്രീ സൗഹൃദമാള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.