കോട്ടയം: മൂന്നു വയസുള്ളപ്പോള്‍ പിതാവില്‍നിന്നു കേട്ട കഥയില്‍ മഹാത്മാ ഗാന്ധിയെ കണ്ടതുമുതലുള്ള സ്വന്തം ജീവിതം വിശദീകരിച്ച് അവസാനിക്കുന്‌പോള്‍ ദയാഭായി സദസിനോടു പറഞ്ഞു നമ്മള്‍ ഉള്ളില്‍ ശുദ്ധിയുള്ളവരായികരിക്കണം, ആദര്‍ശങ്ങളില്‍നിന്ന് വ്യതിചരിക്കരുത്. എങ്കിലേ ജീവിതത്തിന് മഹത്വമുണ്ടാകൂ.നിറഞ്ഞ കയ്യടിയായിരുന്നു സദസിന്റെ പ്രതികരണം.

കോട്ടയം ജില്ലാ പഞ്ചായത്തും വനിതാശിശുവികസന വകുപ്പും ചേര്‍ന്ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടത്തുന്ന സ്ത്രീപക്ഷ നവകേരളം പരിപാടിയുടെ രണ്ടാംദിവസം മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു ദയാബായി.

തന്റേത് ഒരു പ്രയണ ജീവിതമാണെന്ന മുഖവുരയോടെയാണ് ദയാബായി തുടങ്ങിയത്. കൊച്ചിയില്‍നിന്ന് പാലാ പൂവരണിയിലെ വീട്ടിലേക്കുള്ള യാത്രയിലാണ് പിതാവു പറഞ്ഞ കഥയില്‍നിന്ന് ഗാന്ധിജി എന്ന വലിയ മനുഷ്യനെ അറിഞ്ഞത്. സ്‌കൂളില്‍ അധ്യാപകരുടെ വിവരണങ്ങളില്‍നിന്ന് ഒരുപാട് മഹാരഥന്‍മാരും രാഷ്ട്ര ശില്‍പ്പികളും മനസില്‍ ഇടംപിടിച്ചു.

ചെറുപ്പത്തില്‍ കുതിരയെ വാങ്ങണമെന്നു മോഹിച്ച പെണ്‍കുട്ടി പിന്നീട് 35 വര്‍ഷം മധ്യപ്രദേശിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ കുതിരപ്പുറത്ത് സഞ്ചരിച്ച് സാമൂഹികസേവനം നടത്തിയതും
ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ഥികളെ ശുശ്രൂഷിക്കാന്‍ വോളന്റിയര്‍മാരെ ആവശ്യമുണ്ടെന്നുള്ള പരസ്യം കണ്ട്. കൊല്‍ക്കത്തയ്ക്ക് വണ്ടി കയറിയതുമൊക്കെ അവര്‍ വിശദീകരിച്ചു.

മധ്യപ്രദേശിലെത്തിയശേഷമാണ് ഞാന്‍ യഥാര്‍ഥ ജീവിത വഴി തിരിച്ചറിഞ്ഞത്. അഞ്ചു രൂപയ്ക്ക് കൂലിപ്പണിയെടുത്താണ് അന്ന് സാമൂഹിക സേവനത്തിനിറങ്ങിയത്. ആദിവാസികള്‍ക്ക് ജോലിക്കു കൂലിയും കുടിവെള്ളവും ഉറപ്പാക്കുന്നതിന് നിരന്തര പോരാട്ടങ്ങള്‍ വേണ്ടിവന്നു. കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലകളിലെ യാത്രകള്‍ ഹൃദയം തകര്‍ക്കുന്ന വേദനയാണ് നല്‍കിയത്. മനുഷ്യാവകാശലംഘനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദ്യപരിഗണന നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.

സ്വയം എഴുത്തിത്തയാറാക്കിയ ഞാന്‍ കാസര്‍കോഡിന്റെ അമ്മ എന്ന ലഘുനാടകവും അവതരിപ്പിച്ചാണ് ദയാബായി വേദിവിട്ടത്.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, സ്ഥിരംസമിതി അധ്യക്ഷരായ പി.എം. മാത്യു, മഞ്ജു സുജിത്ത്, ഹൈമി ബോബി, പി.ആര്‍. അനുപമ, അംഗങ്ങളായ സുധ കുര്യന്‍, ജോസ്മോന്‍ മുണ്ടയ്ക്കല്‍, ശുഭേഷ് സുധാകരന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ടിജു റേച്ചല്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

മണിമല പരാശക്തി നാട്യസംഘം ട്രൈബല്‍ ഡാന്‍സ് അവതരിപ്പിച്ചു.

ഗാര്‍ഹിക പീഡന അതിജീവിതരുടെ അനുഭവം പങ്കുവയ്ക്കലും പരിപാടിയോടനുബന്ധിച്ചു നടന്നു. സെമിനാറില്‍ ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ വി.എസ. ലൈജു മോഡറേറ്ററായിരുന്നു. ഫോറം എഗൈന്‍സ്റ്റ് ഡൊമസ്റ്റിക് വയലന്‍സ് സ്റ്റേറ്റ് കണ്‍വീനര്‍ മേഴ്സി അലക്സാണ്ടര്‍, ജവഹര്‍ലാല്‍ മെമ്മോറിയല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ആന്‍ഡ് പബ്ലിക് ഓപ്പറേഷന്‍ സെന്ററിലെ ലീഗല്‍ കൗണ്‍സലര്‍ അഡ്വ. കെ.ജി. ധന്യ, കരൂര്‍ റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി ലീഗല്‍ കൗണ്‍സലര്‍ എം.ജി. ജെയ്നിമോള്‍, അസീസി ഷെല്‍റ്റര്‍ ഹോം മാനേജര്‍ സിസ്റ്റര്‍ ആന്‍ ജോസ്, എസ്. ജയലക്ഷമി, അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു എന്നിവര്‍ പങ്കെടുത്തു.