ആലപ്പുഴ: കുട്ടികളെ ചെറുപ്പത്തിൽ തന്നെ ഇന്ത്യൻ ഭരണ ഘടന നൽകുന്ന പൗരന്റെ അവകാശങ്ങളെകുറിച്ചും കടമകളെക്കുറിച്ചും ബോധവാന്മാരാക്കണമെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. കാർത്തികപ്പള്ളി സെന്റ് തോമസ് ഹയർസെക്കണ്ടറി സ്‌കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും ശതാബ്ദി സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂളിന്റെ ശതാബ്ദി ആഘോഷിക്കുന്ന ദിവസത്തിന്റെ പ്രത്യേകത എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ഗവർണറുടെ പ്രസംഗം. ഭരണഘടനാ ദിവസമാണ് നവംബർ 26. 1949 നവംബർ 26നാണ് ഡോ.അംബേദ്കറുടെ നേതൃത്വത്തിൽ കോൺസ്റ്റിറ്റിയുവന്റ് അസംബ്ലി ഭരണഘടനയ്ക്ക് അന്തിമരൂപം നൽകിയത്. ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ബഹുമാനിക്കേണ്ടത് പൗരന്റ് കടമയാണ്. ഭരണഘടനാ സ്ഥാപനങ്ങളെന്നാൽ സുപ്രീംകോടതി, ഹൈക്കോടതി, തിരഞ്ഞെടുപ്പ് കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവയെല്ലാം വരും. ‘നിങ്ങൾക്ക് സ്വതന്ത്രമായിരുന്ന് എന്നെ കേൾക്കാനും എനിക്ക് ഇവടെ നിന്ന് പ്രസംഗിക്കാനും കഴിയുന്നത് ഈ ഭരണഘടന അത് അനുവദിക്കുന്നത് കൊണ്ടാണ്. സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കാനും രാജ്ഭവന് മുന്നിലെത്തി വികാരങ്ങൾ കേന്ദ്രത്തിന് കൈമാറാനും കഴിയുന്നതും ഭരണഘടന അനുവദിക്കുന്നത് മൂലമാണ്.’-ഗവർണർ പറഞ്ഞു. ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക, പ്രകൃതിയെ സംരക്ഷിക്കുക, ആറുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുക തുടങ്ങി പൗരന്റെ കടമകൾ എല്ലാം അദ്ദേഹം യോഗത്തിൽ എടുത്തുപറഞ്ഞു.
ജീവിത മാർഗ്ഗം കണ്ടെത്തുന്നതിന് സഹായിക്കുന്നതിനൊപ്പം ജനാധിപത്യം, സമൂഹിക നീതി എന്നിവ ശക്തമാക്കുന്നതിന് വിദ്യാഭ്യാസത്തിന് കഴിയണം. മത്സരാധിഷ്ഠിത വിദ്യാഭ്യാസത്തിൽ കുട്ടകൾക്കിടയിലുള്ള പരസ്പരബന്ധം കുറയുന്നു. സാമൂഹിക ബന്ധങ്ങൾ കുട്ടികളിൽ വളർത്തിയെടുത്താലേ സാമൂഹിക പ്രതിബന്ധത ഉണ്ടാവൂ. പ്രളയ സമയത്ത് കാർത്തികപ്പള്ളി സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളുടെ ഇടപെടീലുകൾ ശ്ലാഘനീയമാണ്. പ്രളയം ബാധിച്ച രണ്ട് കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകാനുള്ള ശതാബ്ദി കമ്മറ്റിയുടെ തീരുമാനത്തെയും അദ്ദേഹം അഭിനന്ദിച്ചു.
1919 ൽ ആരംഭിച്ച് 1949 ൽ ഹൈസ്‌കൂളായും 2014 ൽ ഹയർസെക്കണ്ടറി സ്‌കൂളായും ഉയരാൻ സാധിച്ചത് കൃത്യമായ കരുതലിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമാണ്. 1750 ഓളം കുട്ടികളാണ് ഇന്ന് ഈ സ്‌കൂളിൽ പഠിക്കുന്നത്. ഇത്തരത്തിൽ ഒരു ആഘോഷ പരിപാടിയുമായി മുന്നിട്ടിറങ്ങിയ സ്‌കൂൾ മാനേജ്മെന്റ്, അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ്വവിദ്യാർത്ഥികൾ എന്നിവരെ ഗവർണർ പ്രത്യേകം അഭിനന്ദിച്ചു. കാർത്തികപ്പള്ളിയുടെയും സെന്റ് തോമസിന്റെയും ചരിത്രപരമായ പ്രാധാന്യവും ഗവർണർ തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. കേരള ചരിത്രത്തിൽ പുരാതന നാട്ടുരാജ്യമായ കാർത്തികപ്പള്ളിക്ക് പ്രത്യേകം സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ അധ്യക്ഷത വഹിച്ചു. ജേക്കബ് തമ്പാൻ ഗവർണർക്കുള്ള ഉപഹാരം സമർപ്പിച്ചു. കയർ കോർപ്പറേഷൻ ചെയർമാനും മുൻ എം.എൽ.എ.യുമായ റ്റി.കെ. ദേവകുമാർ, ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. നിയാസ്, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മി വി. കൈപ്പള്ളിൽ, ഗ്രാമപഞ്ചായത്തംഗം കെ. ഷീല, സ്‌കൂൾ പ്രധമാധ്യാപിക ഷാൽബി വർഗ്ഗീസ്, പി.റ്റി.എ. പ്രസിഡന്റ് ആർ. വിനോദ് എന്നിവർ പ്രസംഗിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ സന്ദേശങ്ങൾ യോഗത്തിൽ വായിച്ചു. ശതാബ്ദിയോടനുബന്ധിച്ച് നിർധനരായ കുട്ടികൾക്ക് ഭവന നിർമ്മാണം, ഗുരുവന്ദനം, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, സെമിനാറുകൾ, ബോധവത്ക്കരണ ക്ലാസുകൾ എന്നിവയും നടത്തും.
കഠിനാധ്വാനം ഉണ്ടെങ്കിൽ എത്ര ഉന്നതങ്ങളിലും എത്താം -ഗവർണർ
ആലപ്പുഴ: ‘ഞാൻ വന്നത് ഗ്രാമത്തിലെ കർഷക കുടുംബത്തിൽ നിന്ന് സർക്കാർ സ്‌കൂളിൽ പഠിച്ചാണ്. പലക ബഞ്ചാണ് ഞങ്ങൾക്കുണ്ടായിരുന്നത്. അവിടെനിന്ന് സർക്കാർ മദ്രാസ് ലോ കോളേജിൽ തുടർപഠനം. 45 വയസിൽ മദ്രാസ് ഹൈക്കോടതിയിലേക്ക് ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടു. വടക്കേ ഇന്ത്യക്കാർക്കു മാത്രമായിരുന്നു അക്കാലത്ത് ഈ പ്രായത്തിൽ ഇത്തരം സൗകര്യങ്ങൾ ലഭിച്ചിരുന്നത്. പിന്നീട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി. ഇത് ഞാൻ പറഞ്ഞത് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഗവൺമെൻറ് സ്‌കൂൾ, കോളേജുകളിൽ പഠിച്ച എനിക്ക് ഇത് സാധ്യമാണെങ്കിൽ കഠിനാധ്വാനത്തിലൂടെ ഏത് സ്ഥാനം വരെയും നിങ്ങൾക്ക് എത്താം എന്ന് സൂചിപ്പിക്കാനാണ്’ ഗവർണർ പി.സദാശിവം പറഞ്ഞു. കാർത്തികപ്പള്ളി സെന്റ് തോമസ് ഹയർസെക്കണ്ടറി സ്‌കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും ശതാബ്ദി സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ സുപ്രീംകോടതി വിധി സംബന്ധിച്ച് അറിയുന്ന നിങ്ങൾക്ക് സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റീസിന്റെയും പ്രാധാന്യവും സ്ഥാനവും അറിയാമായിരിക്കുമല്ലോ. സത്യപ്രതിജ്ഞയ്ക്ക് രാഷ്ട്രപതി ഭവനിലേക്ക് പോകുമ്പോൾ എന്റെ വീടും കൃഷിസ്ഥലവും ഒക്കെയായിരുന്നു മനസ്സിലൂടെ കടന്നുപോയത്. ഞാൻ പഠിച്ച സർക്കാർ സ്‌കൂൾ പിന്നീട് സന്ദർശിക്കുകയുണ്ടായി. വിദ്യാഭ്യാസത്തിന്റെ മൂല്യം നമ്മൾ നേടിയ ജീവിതമൂല്യങ്ങളും കൂടി ഉൾപ്പെന്നതാണെന്ന് അദ്ദേഹം പറഞ്ഞു.