നവകേരള നിർമിതിക്കായി സർക്കാർ വകുപ്പുകൾ ഒറ്റക്കെട്ടാകണമെന്നു ചീഫ് സെക്രട്ടറി ടോം ജോസ്. നവകേരളമെന്ന ലക്ഷ്യം എത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തം ഓരോ സർക്കാർ വകുപ്പുകൾക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ നവകേരളം കർമപദ്ധതി ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ കേരളമെന്ന ലക്ഷ്യപ്രാപ്തിയിലേക്കായി നടപ്പാക്കുന്ന ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിതകേരളം മിഷനുകൾ ഏറെ വിജയകരമായി മുന്നേറുകയാണെന്നു ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. നിലവിൽ ഓരോ വകുപ്പുകൾക്കും കീഴിലാണ് ഈ മിഷനുകളുടെ പ്രവർത്തനം. അതുകൊണ്ടുതന്നെ പ്രത്യേക വിഭാഗങ്ങളായി നിന്നാണു പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. ഈ രീതി മാറി സമഗ്രവും കേന്ദ്രീകൃതവുമായ കാഴ്ചപ്പാടും ചർച്ചകളുമുണ്ടാകണം.

നവകേരള സൃഷ്ടിക്കാനുള്ള നടപടികൾക്കൊപ്പം തദ്ദേശ സ്ഥാപനങ്ങൾ, പൗരസമിതികൾ, ബഹുജന സംഘടനകൾ, എൻ.ജി.ഒകൾ, ജനകീയ കൂട്ടായ്മകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.