സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൈപ്പറമ്പ് പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ ‘നാളേക്കായ് ഇന്ന് തന്നെ’ എന്ന പേരിൽ പഞ്ചായത്ത് തല തൊഴിൽ മേള 2025 സംഘടിപ്പിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ ഉഷ ടീച്ചർ തൊഴിൽ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ എം ലെനിൻ അധ്യക്ഷത വഹിച്ചു.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പരിസരത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ വരുന്ന ഒഴിവുകൾ അതതു പ്രദേശത്തുള്ള തൊഴിൽ അന്വേഷകർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് തല തൊഴിൽ മേള സംഘടിപ്പിച്ചത്. തൊഴിൽ ദായകാരായി 12 കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്തു. 33 പേർ തൊഴിൽ അന്വേഷകരായി ഇന്റർവ്യൂവിൽ പങ്കെടുത്തു. മൂന്ന് പേർക്ക് സെലക്ഷൻ ലഭിച്ച മേളയിൽ 20 പേരെ വിവിധ കമ്പനികൾ ഷോർട്ലിസ്റ്റ് ചെയ്തു.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന തൊഴിൽ മേളയിൽ കില റിസോഴ്സ് പേഴ്സൺ കുഞ്ഞു മുഹമ്മദ് വിജ്ഞാന കേരളം പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഒ. എസ് സതി സ്വാഗതവും കമ്മ്യൂണിറ്റി അംബാസ്സിഡർ സിൻസി നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്തംഗങ്ങളായ സുഷിത ബാനീഷ്, സ്നേഹ സജിമോൻ, സി ഡി എസ് ചെയർ പേഴ്സൺ സിന്ധു പ്രകാശൻ,വൈസ് ചെയർപേഴ്സൺ ബീന എന്നിവർ സംസാരിച്ചു. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശൽ യോജന ബ്ലോക്ക് കോ-ഓർഡിനേറ്റർ ഗീതു ആന്റണി, രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ ഷിവിന വിക്ടർ, കില തീമാറ്റിക് എക്സ്പേർട്ട് നേഖ, കെ ഡിസ്ക് സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ് അരുൺ റോയ് പനക്കൽ തുടങ്ങിയവർ തൊഴിൽ മേളക്ക് നേതൃത്വം നൽകി. സി ഡി എസ് അംഗങ്ങളായ പ്രതീക്ഷ ശിവദാസൻ, കോമളവല്ലി വിജയൻ, രാജി രാമദാസ് എന്നിവർ പങ്കെടുത്തു.
