കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സ്‌കൂളുകൾക്കുള്ള ലാപ്ടോപ്പ് വിതരണോദ്ഘാടനം ഡോ. വി ശിവദാസൻ എം പി നിർവഹിച്ചു. ജില്ലയിലെ വിദ്യാലയങ്ങൾ രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ മാറ്റിയെടുക്കാൻ പൊതുസമൂഹത്തിന്റെ പിന്തുണ പ്രധാനമാണെന്നും വിദ്യാഭ്യാസ മേഖലയെ ഏറ്റവും മികച്ച രീതിയിൽ മാറ്റിയെടുക്കുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു കോടി രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 70 സ്‌കൂളുകൾക്കായി ആകെ 910 ലാപ്ടോപ്പുകളാണ് വിതരണം ചെയ്തത്. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വി എച്ച് സി എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായുള്ള ലാപ്ടോപ്പുകൾ സ്‌കൂൾ പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, പിടിഎ പ്രസിഡന്റുമാർ എന്നിവർ ഏറ്റുവാങ്ങി.

ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ എൻ.വി ശ്രീജിനി, യു.പി ശോഭ, അഡ്വ. ടി സരള, അംഗങ്ങളായ സി.പി ഷിജു, ശ്രീധരൻ, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡി ഷൈനി, എസ് എസ് കെ ജില്ലാ കോ ഓർഡിനേറ്റർ ഇ.സി വിനോദ്, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.സി സുധീർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റ്റൈനി സൂസൻ ജോൺ എന്നിവർ പങ്കെടുത്തു.