അത്യാഹിത വിഭാഗം, ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്‌സ് എന്നിവ പൂർത്തിയാകുന്നതിലൂടെ തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിക്ക് തുടക്കമാകുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ അത്യാഹിത വിഭാഗം, ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്‌സ് എന്നിവയുടെ കെട്ടിട നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഡയാലിസിസ് രോഗികളുടെ ആവശ്യം കണക്കിലെടുത്ത് എംഎൽഎയുടെ ഇടപെടൽ പ്രകാരം ആശുപത്രിയിലേക്ക് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് മുഖേന പത്ത് ഡയാലിസിസ് മെഷീനുകൾ കൂടി അനുവദിക്കും. ഇതുവഴി സ്വകാര്യ ആശുപത്രികളിലെ ഭീമമായ ചികിത്സാ ചെലവിൽ നിന്നും സാധാരണക്കാർക്ക് ആശ്വാസം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളുടെ വികസന രേഖ എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. ഐ എസ് ഒ സർട്ടിഫിക്കേഷൻ ലഭിച്ച തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ, കുറുമാത്തൂർ പഞ്ചായത്ത് കുടുംബശ്രീ തുടങ്ങിയവരെ മന്ത്രി ആദരിച്ചു.

എൻ എച്ച് എം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക സൗകര്യങ്ങളുള്ള അത്യാഹിത വിഭാഗത്തിനായി 4.94 കോടി രൂപയും ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്‌സിനായി കിഫ്ബി മുഖേന 19.53 കോടി രൂപയുമാണ് അനുവദിച്ചത്. ജനറൽ സർജറി, ഇ എൻ ടി, ഓർത്തോ വിഭാഗങ്ങൾക്കായുള്ള പ്രത്യേക ഓപ്പറേഷൻ തിയേറ്റർ, സർജറി രോഗികൾക്കായുള്ള വാർഡ്, എച്ച്ഡിയു സൗകര്യം, എക്‌സ്‌റേ, അൾട്രാ സൗണ്ട്, സി ടി സ്‌കാനിംഗ് തുടങ്ങിയ റേഡിയോളജി സൗകര്യങ്ങളും ഇതിൽ ഉൾപ്പെടും.

ആശുപത്രി പരിസരത്ത് നടന്ന പരിപാടിയിൽ എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അധ്യക്ഷനായി.