കണ്ണൂര്‍ ജില്ലയിലെ നാറാത്ത് പഞ്ചായത്ത് ജനകീയ ആരോഗ്യകേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ എന്നിവയിലൂടെ ചികിത്സകൾ വികേന്ദ്രീകരിച്ച് ജനസൗഹൃദ രോഗീസൗഹൃദ ചികിത്സ ലഭ്യമാക്കുകയാണ് സർക്കാർ ചെയ്തതെന്ന് മന്ത്രി പറഞ്ഞു.
ചികിത്സ താഴെത്തട്ടിൽ ലഭ്യമാക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ. രോഗത്തിന് മുന്നിൽ ആരും നിസ്സഹായരായിപ്പോകരുത് എന്ന സർക്കാരിന്റെ നിശ്ചയദാർഡ്യമാണ് ഇത്തരം തീരുമാനങ്ങൾക്ക് ആധാരം. 1500 കോടിയിലധികം രൂപയാണ് സർക്കാർ സൗജന്യ ചികിത്സക്കായി ചെലവാക്കുന്നത്. 42.5 ലക്ഷം കുടുംബങ്ങൾക്ക് വർഷം തോറും ഒരു കുടുംബത്തിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ ചികിത്സ സഹായമായി ലഭിക്കും. ആരോഗ്യ പരിരക്ഷ പദ്ധതിയിൽ ഉൾപ്പെടാത്തവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചികിത്സാ പദ്ധതിയും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ആരോഗ്യകേന്ദ്രങ്ങൾക്ക് കീഴിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികൾ മുതൽ സ്പെഷ്യാലിറ്റി ചികിത്സകളും ജില്ലാ ആശുപത്രികളിൽ സൂപ്പർ സ്‌പെഷ്യലിറ്റി സൗകര്യങ്ങൾ ഏർപ്പെടുത്തി പരമാവധി ചികിത്സ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.
നാറാത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ കെ.വി.സുമേഷ് എം.എൽ.എ അധ്യക്ഷനായി. നാറാത്ത് ഗ്രാമപഞ്ചായത്ത് 15.25 ലക്ഷം രൂപ ചെലവിലാണ് ജനകീയ ആരോഗ്യകേന്ദ്രം നിർമിച്ചത്. സ്ത്രീകൾ, കുട്ടികൾ, കൗമാരക്കാർ എന്നിവർക്കുള്ള ക്ലിനിക്കുകൾ, ജീവിത ശൈലീരോഗങ്ങൾ, വയോജനങ്ങൾ എന്നിവർക്കുള്ള ക്ലിനിക്ക് എന്നിവയാണ് കേന്ദ്രത്തിൽ പ്രവർത്തിക്കുന്നത്. കൂടാതെ തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ മുൻഗണന ഗൃഹ സന്ദർശനം, ഔട്ട്റീച്ച് കുത്തിവെപ്പ് എന്നിവയും കേന്ദ്രത്തിൽ നിന്ന് നൽകിവരുന്ന സേവനങ്ങളാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി മുഖ്യാതിഥിയായി. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം പിയൂഷ്, എൻ എച്ച് എം ജില്ലാ പ്രൊജക്ട് മാനേജർ പി കെ അനിൽകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശ്യാമള , ആർദ്രം ജില്ലാ നോഡൽ ഓഫീസർ സി പി ബിജോയ്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി റഷീദ, എം നികേത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കാണി ചന്ദ്രൻ, വി ഗിരിജ, കെ എൻ മുസ്തഫ, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി പവിതൻ, നാറാത്ത് എഫ് എച്ച് സി ഡോ. കെ പി അനുശ്രീ, എ പുരുഷോത്തമൻ, സി കെ ജയചന്ദ്രൻ മാസ്റ്റർ, ടി സി ഗോപാലകൃഷ്ണൻ, പി പി സോമൻ, കെ എൻ മുകുന്ദൻ, പി പി സുബൈർ, കെ ടി അബ്ദുൾ വഹാബ്, പി ശിവദാസ് എന്നിവർ സംസാരിച്ചു.
